ആവിയിൽ ഗോതമ്പുപൊടി ഇങ്ങനെ വേവിച്ച് എടുത്തു നോക്കൂ. രാവിലത്തെ പലഹാരം ഇത് ഉറപ്പിക്കാം.

ഗോതമ്പുപൊടിയും സവാളയും എന്നിങ്ങനെ രണ്ടു കൂട്ടങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒരു വിഭവം പരിചയപ്പെടാം. ബ്രേക്ക് ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഒരുപോലെ കഴിക്കാവുന്നതാണ് . ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകളും, എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാൻ ചൂടാക്കി എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിച്ചെടുക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് 2 സവാള അരിഞ്ഞതും നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർത്ത് കൊടുക്കുക. സവാള വഴന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യാനുസരണം മുളക് പൊടി, അര ടേബിൾ സ്പൂൺ മല്ലി പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഗരം മസാല പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.

ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളമൊഴിച്ച് നന്നായി വേവിച്ച് വെള്ളം വറ്റുന്നതുവരെ ഇളക്കി കൊടുക്കുക. ഒരു ബൗളിൽ ഒന്നരക്കപ്പ് ഗോതമ്പു പൊടിയും അതിലേക്ക് ആവശ്യമായിട്ടുള്ള ഉപ്പും ചേർത്ത് വെക്കുക. ഇതിലേക്ക് ഒരു അല്പം വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവു കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക.

കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും ഓരോ ചെറിയ ഉരുളകൾ കുഴച്ചെടുക്കുക. ഓരോ ഉരുളകളും എടുത്ത് കയ്യിൽ വെച്ച് കൈയുടെ വലുപ്പത്തിൽ പരത്തിയെടുക്കുക (വല്ലാതെ കനം കുറയാൻ പാടില്ല ). ഇതിന്റെ നടുവിലായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർക്കുക. മസാല ചേർത്തതിനുശേഷം പരത്തിയ മാവിന്റെ മറു വശങ്ങൾ ചേർത്ത് ഒട്ടിക്കുക.

മസാല പുറത്ത് പോവാത്ത രീതിയിൽ വേണം ഒട്ടിച്ച് എടുക്കേണ്ടത്. ശേഷം വീണ്ടും ഒരു തവണ കൈയ്യിൽ വെച്ച് പരത്തി എടുക്കുക. ഒരു പാത്രത്തിൽ ഒരു അല്പം വെള്ളം ചേർത്ത് അതിനു മുകളിൽ മറ്റൊരു പാത്രം വെച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മസാല ചേർത്ത മാവ് ആവികേറ്റി വേവിച്ചെടുക്കുക. പിന്നീട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : She Book

x