മറ്റൊരു കറിയും ഇല്ലാതെ കഴിക്കാൻ സാധിക്കുന്ന ഒരു പലഹാരം തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടാക്കിയശേഷം ഇതിലേക്ക് ഒരു സബോളയുടെ പകുതി ചെറുതായി അരിഞ്ഞു ഇടുക. ഇതോടൊപ്പം രണ്ട് ടേബിൾ സ്പൂൺ ക്യാരറ്റ് ചെറുതായി അരിഞ്ഞു ചേർക്കുക.
ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും, എരുവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ അറിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ചേർത്തിരിക്കുന്ന എല്ലാ പച്ചക്കറികളും വഴറ്റി വന്നാൽ തീ കെടുത്താവുന്നതാണ്. ഒരു മിക്സിയുടെ ജാറിൽ ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർക്കുക.
ഇതോടൊപ്പം കാൽ കപ്പ് തേങ്ങ ചിരകിയതും കാൽ കപ്പ് ചോറും, ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. കോഴിമുട്ടയുടെ പകരം അരക്കപ്പ് പുളി കുറവുള്ള തൈര് ചേർത്താലും മതിയാകും. അരച്ചെടുത്ത മാവ് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഈ ബൗളിലേക്ക് നേരത്തെ വഴറ്റി വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക.
ഇതിലേക്ക് അര ടീസ്പൂൺ കറുത്ത എള്ളും, അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു ഉണ്ണിയപ്പച്ചട്ടിയിൽ ഓരോ കുഴിയിലും അല്പം വെളിച്ചെണ്ണ ഒഴിച്ച് മാവ് ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുക. ഒരുവശം വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും വേവിക്കുക. ഇരുവശവും നന്നായി വെന്തുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചായയുടെ കൂടെ കഴിക്കാവുന്നതാണ്.
Credits : ladies planet by ramshi