വെറൈറ്റി ആയി സ്വാദിഷ്ടമായ ഒരു വെജ് കുറുമ ഉണ്ടാക്കിയാലോ? ഇത് മാത്രം മതി ഡിന്നറിന്. അടിപൊളി സ്വാദ് ആണ്.

ചപ്പാത്തിക്കും അപ്പത്തിനും എല്ലാം കൂടെ നമ്മൾ വെജിറ്റബിൾ കുറുമ കഴിക്കാറുണ്ട്. ഇന്ന് വളരെ വ്യത്യസ്തമായ രീതിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെജിറ്റബിൾ കുറുമയുടെ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.

ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു നുള്ള് പേരും ജീരകം എന്നിവ ചേർക്കുക. ഇനി ഇതിലേക്ക് ചെറിയ കഷണം കറുവപ്പട്ട യും ഒരു ഗ്രാമ്പൂവും ഇട്ട് കൊടുക്കുക. ഇനി ഇതൊന്നു പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർക്കുക. സവാള ചെറുതായി വഴന്നു വരുമ്പോൾ ഇതിലേക്ക് ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക.

അതിനുശേഷം രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇവയുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. ഇവയുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള വെജിറ്റബിൾസ് ചേർക്കാവുന്നതാണ്. ഒരു ഉരുള കിഴങ്ങ്, ഒരു ക്യാരറ്റ്, 5 ബീൻസ് എന്നിവ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

അതിനുശേഷം ഇതിലേക്ക് കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കണം. ഇനി ഇതിലേക്ക് ഒരു അരപ്പ് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് എടുക്കുക. അതിലേക്ക് ഒന്നര ടീസ്പൂൺ പൊട്ടുകടലയും ചെറിയ കഷ്ണം കറുവപ്പട്ടയും ഒരു ഗ്രാമ്പുവും നാല് ഏലയ്ക്കയും രണ്ട് പച്ചമുളകും കൂടി ഇട്ട ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ഈ അരപ്പ് പച്ചക്കറികൾ വെന്തു വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കുക. അതിനു ശേഷം ഒരു കപ്പ് ഗ്രീൻപീസ് വേവിച്ചതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് 10 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ഇനി ഇതിലേക്ക് രണ്ടു നുള്ള് ഗരംമസാല കൂടെ ചേർത്ത് നന്നായി ഇളക്കുക. ശേഷം അല്പം മല്ലിയില വിതറി തീ ഓഫ് ചെയ്യുക. വളരെ സ്വാദിഷ്ടമായ വെജ് കുറുമ ഹോട്ടൽ രുചിയിൽ ഇതാ തയ്യാറായിരിക്കുന്നു.

x