വറുത്തരച്ച നാടൻ ചിക്കൻ കറി ! ഇനി എളുപ്പത്തിൽ തയ്യാറാക്കാം; ഉണ്ടാക്കുന്ന രീതി വിശദമായി അറിയാം

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് ചിക്കൻ കറി. ചിക്കൻ കറി കളിൽ വറുത്തരച്ച ചിക്കൻ കറി ആണ് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വിഭവം. എന്നാൽ പലർക്കും ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് അറിയുകയില്ല. എങ്ങനെയാണ് നാടൻ വറുത്തരച്ച ചിക്കൻ കറി വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാം എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇതിനായി എന്തെല്ലാം സാമഗ്രികളും ചേരുവകളും ആണ് ആവശ്യം എന്ന് നോക്കാം.

ചിക്കൻ, നാളികേരം, ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം, പച്ചമുളക്, സവാള, കറിവേപ്പില, മല്ലിപ്പൊടി, മഞ്ഞൾപൊടി,തക്കാളി, ഗരം മസാല, മുളകുപൊടി, ഉപ്പ്, കുരുമുളക്, ചെറിയുള്ളി തുടങ്ങിയവയാണ് വറുത്തരച്ച ചിക്കൻ കറിക്ക് ആവശ്യമായ ചേരുവകൾ. എങ്ങനെയാണ് ചിക്കൻ കറി തയ്യാറാക്കേണ്ടത് എന്ന് പരിശോധിക്കാം. ആദ്യമായി ഒരു കിലോ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് അൽപം എണ്ണ ഒഴിക്കുക.

എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം അതിലേക്ക് രണ്ട് കറുവപ്പട്ട, രണ്ട് ഏലക്ക, മൂന്ന് ഗ്രാമ്പൂ, അര ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ കുരുമുളക് തുടങ്ങിയവ ചേർത്ത് ചെറുതീയിൽ മൂപ്പിച്ചെടുക്കുക. യുവ നല്ലതുപോലെ മൂപ്പിച്ചെടുത്തതിനുശേഷം ഇതിലേക്ക് ഒരു കപ്പ് നാളികേരം ചേർത്ത് കൊടുക്കുക. നാളികേര ത്തോടൊപ്പം അല്പം ചെറിയ ഉള്ളി, 4 വെളുത്തുള്ളി, കറിവേപ്പില തുടങ്ങിയവ ചേർത്തു കൊടുത്തു ചെറുതീയിൽ നാളികേരം നല്ലതുപോലെ വറുത്തെടുക്കുക.

നാളികേരം ഏകദേശം ഒരു ബ്രൗൺ കളർ ആകുന്നവരെ വറുത്ത് എടുക്കേണ്ടതാണ്. നാളികേരം നല്ലതുപോലെ ബ്രൗൺ കളർ ആയി വന്നതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ആരാ ടീസ്പൂൺ ഗരം മസാല പൊടിതുടങ്ങിയവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ചേർത്തു കൊടുത്ത മസാലകളുടെ പച്ചമണം മാറുന്നതുവരെ ചെറുതീയിൽ വറുത്ത് എടുക്കേണ്ടതാണ്.

അതിനുശേഷം തയ്യാറാക്കിയ ചേരുവ വേറൊരു പാത്രത്തിലേക്ക് മാറ്റുക. തയ്യാറാക്കിയ ചേരുവ ചൂടാറിയതിനു ശേഷം മിക്സിയിലിട്ട് അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇതിനു ശേഷം മറ്റൊരു പാൻ എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് അൽപം കറിവേപ്പില, ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ഇഞ്ചി ചതച്ചത് തുടങ്ങിയവ ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും 3 പച്ചമുളക് നീളത്തിൽ അരിഞ്ഞതും അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.

സവാള ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റി  എടുക്കേണ്ടതാണ്. സവാള നല്ലതുപോലെ വഴന്നു വന്നതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിചേർത്ത് 2 മിനിറ്റ് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് 2 തക്കാളി അരിഞ്ഞത് ചേർത്ത് തക്കാളി വേവുന്നതുവരെ വഴറ്റിയെടുക്കുക. തക്കാളി നല്ലതുപോലെ വെന്ത് വന്നതിനു ശേഷം ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന ചിക്കനും ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ചിക്കൻ 5 മിനിറ്റ് മൂടി വച്ച് വേവിക്കുക.

അതിനുശേഷം ഇതിലേക്ക് നേരത്തെ അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്തു ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക. ചിക്കൻ നല്ലതുപോലെ വെന്ത് വന്നതിനു ശേഷം ഇതിലേക്ക് അല്പം മല്ലിയില ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

x