ടൊമാറ്റോ റൈസ് വളരെ എളുപ്പം തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം

ഒരു പുട്ട് കുറ്റിയിലേക്ക് മൂന്നു തക്കാളി ഇട്ട് നന്നായി വേവിച്ചെടുക്കുക. നന്നായി വേവിച്ചെടുത്ത തക്കാളി പുറത്തെടുത്ത് തൊലികളഞ്ഞ ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ തക്കാളി ചെറുതായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു കുക്കറിലേക്ക് 3 ടേബിൾസ്പൂൺ സൺഫ്ളവർ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് 3 ഏലയ്ക്ക, ചെറിയ രണ്ട് കഷണം കറുവപ്പട്ട, ഒരു ടീ സ്പൂൺ ഗ്രാമ്പൂ എന്നിവ ചേർക്കുക.

ഇതോടൊപ്പം ചെറിയ ഒരു സബോള അരിഞ്ഞതും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് 2 പച്ചമുളക്, മുക്കാൽ ടി സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം നേരത്തെ അരച്ചു വച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ഇതിലേക്ക് ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും, ഒരു നുള്ള് മധുരവും ചേർക്കുക.

തക്കാളിയുടെ വെള്ളമെല്ലാം വാർന്ന് പോയതിന് ശേഷം ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക. ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് മുളകുപൊടിയുടെയും മഞ്ഞൾപൊടിയുടെയും പച്ചമണം പോകുമ്പോൾ അര മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്ത ബസുമതി റൈസ് വെള്ളം ഇല്ലാതെ ചേർക്കുക. മൂന്നു വലിയ തക്കാളിക്ക് രണ്ട് കപ്പ് അരി എന്ന രീതിയിലാണ് അളവ്.

ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് മൂന്ന് കപ്പ് തിളച്ച വെള്ളം ഒഴിക്കുക. വീണ്ടും നന്നായി ഇളക്കിയതിനുശേഷം കുക്കർ അടച്ചു വെച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം തീ കെടുത്തി കുക്കറിൽ നിന്നും ആവി എല്ലാം പോയാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ടൊമാറ്റോ റൈസിന്റെ റെസിപ്പിയാണ് മീതെ നൽകിയിരിക്കുന്നത്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x