പല വിധത്തിലുള്ള അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. നാരങ്ങ, മാങ്ങ, വെളുത്തുള്ളി അങ്ങനെ പല തരത്തിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ സ്പെഷ്യൽ ആയ രീതിയിൽ തക്കാളി അച്ചാർ വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് ഉണ്ടാക്കാനായി ആദ്യമായി 5 വലിയ തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക. അതിനു ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് നേരത്തെ അരിഞ്ഞുവെച്ച തക്കാളി ചേർത്തു കൊടുക്കാം.
ഇനി തക്കാളി നന്നായി വഴറ്റണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. തക്കാളി ഇളക്കി കൊടുത്തുകൊണ്ടിരിക്കണം. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വാളംപുളി ചേർത്ത് കൊടുക്കുക. തക്കാളി വെന്തു വരുമ്പോൾ നന്നായി ഉടച്ചു കൊടുക്കണം. അതിനു ശേഷം ഇതിലേക്ക് ശർക്കര ആണ് ചേർക്കേണ്ടത്. അതിനായി ഒരു ടേബിൾ സ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക.
ഇവയെല്ലാം നന്നായി മിക്സ് ആക്കിയ ശേഷം ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ കായപ്പൊടിയും കാൽ ടീസ്പൂൺ ഉലുവ പൊടിയും ചേർത്ത് കൊടുക്കുക. ഇവ നന്നായി മിക്സ് ചെയ്ത ശേഷം തക്കാളി നന്നായി വെന്തു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം തീ ഓഫ് ചെയ്യുക. ഇപ്പോൾ സ്വാദിഷ്ടമായ തക്കാളി അച്ചാർ ഇവിടെ തയ്യാറായിരിക്കുന്നു.