തട്ടുകട സ്പെഷ്യൽ ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ? ഇത് ഇത്ര എളുപ്പമായിരുന്നു… !!!

തട്ടുകടകളിൽ നിന്നും വളരെ സ്പെഷ്യൽ ആയുള്ള ഫ്രൈ ചെയ്ത ചിക്കൻ കഴിച്ചില്ലേ. വളരെ ടേസ്റ്റി രീതിയിലാണ് തട്ടുകടകളിൽ ഇത്തരത്തിൽ ചിക്കൻ ഫ്രൈ ചെയ്തിരിക്കുന്നത്. എങ്കിൽ ഇന്ന് നമ്മുടെ വീട്ടിൽ ഇത്തരത്തിൽ തട്ടുകട സ്പെഷ്യൽ ആയ ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ.

ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി ഒരു കിലോ ചിക്കൻ ചെറിയ കഷണങ്ങളായി അരിഞ്ഞ് കഴുകി വാരി വൃത്തിയാക്കി വയ്ക്കുക. ചെറിയ കഷണങ്ങളായി അരിയുന്നത് മസാല നന്നായി പിടിക്കാൻ സഹായിക്കും. അതിനുശേഷം ഇതിലേക്ക് ആവശ്യമായ ഒരു മസാല തയ്യാറാക്കണം.

അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ സവാള, ചെറിയ കഷ്ണം ഇഞ്ചി, അഞ്ച് വലിയ വെളുത്തുള്ളിയുടെ അല്ലി എന്നിവ ചെറിയ കഷണങ്ങളായി അരിഞ്ഞ് ഇട്ട് കൊടുക്കുക. അതിനു ശേഷം രണ്ട് ടീസ്പൂൺ പെരുംജീരകം കൂടി ചേർത്ത് ചെറിയ തരിയായി വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റിവയ്ക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അഞ്ച് ടീസ്പൂൺ കാശ്മീരി മുളകുപൊടി, നാല് ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, ഒരു കറുവപ്പട്ട, നാല് ഏലക്കാ, നാല് ഗ്രാമ്പൂ എന്നിവ ചേർത്ത് രണ്ട് ടേബിൾസ്പൂൺ വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അരച്ചെടുത്ത പേസ്റ്റ് നേരത്തെ തയ്യാറാക്കി വെച്ച ഇഞ്ചി വെളുത്തുള്ളി ചതച്ചതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് എല്ലാം നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഇതിലേക്ക് മുറിച്ചു വെച്ച ചിക്കൻ പീസുകൾ ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യുക.

ഇത് മിനിമം രണ്ടു മണിക്കൂർ നേരമെങ്കിലും അടച്ചുവെച്ച് റെസ്റ്റ് ചെയ്യാൻ അനുവദിക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര് കൂടി ചേർക്കണം. ഇനി അടുപ്പിൽ പാൻ വച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടായ ശേഷം അതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ പീസുകൾ ഇട്ടുകൊടുത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക.

അതിനു ശേഷം ഇതിനു മുകളിലായി കുറച്ചു കറിവേപ്പിലയും നീളത്തിൽ മുറിച്ച്‌ വറുത്തെടുത്ത പപ്പടവും ഇട്ടുകൊടുത്തു വിളമ്പുക. സ്വാദിഷ്ടമായ തട്ടുകട സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാർ.

x