ഇനി വെജ് മസാല മാത്രം മതി. ഊണിനും ചപ്പാത്തിക്കുമൊക്കെ കൂട്ടാൻ ഒരു അടിപൊളി ഡിഷ്‌.

ഊണിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയുമെല്ലാം കഴിക്കാൻ സാധിക്കുന്ന ഒരു അടിപൊളി വെജ് മസാലയാണ് ഇന്നിവിടെ പരിചയപ്പെടുന്നത്. വളരേ കുറഞ്ഞ സമയം കൊണ്ട് ഉരുളക്കിഴങ്ങ് വെച്ച് ഉണ്ടാക്കുന്ന ഒരു പൊട്ടറ്റോ മസാല ആണിത്.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി അടുപ്പിൽ ഒരു കുക്കർ വച്ച് ചൂടാക്കിയ ശേഷം മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഇതിലേക്ക് ഒഴിക്കുക. അതിനു ശേഷം എണ്ണ ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. കടുക് പൊട്ടിച്ച ശേഷം അതിലേക്ക് ഒരു വറ്റൽ മുളക് പൊട്ടിച്ചിടുക. ശേഷം 3 പച്ചമുളക്, 4 വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി എന്നിവ നന്നായി ചതച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഇവയുടെ പച്ചമണം മാറുന്നതുവരെ നന്നായി തീ കുറച്ചു വെച്ച് ഇളക്കുക. അതിനുശേഷം ഇതിലേക്ക് ഒരു വലിയ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിനു ഉപ്പും ചേർത്ത ശേഷം ഇതിന്റെ നിറം മാറുന്നതുവരെ ഇളക്കുക. സവാള വടിയതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്ത് കൊടുക്കുക.

ശേഷം രണ്ട് വലിയ ഉരുളക്കിഴങ്ങും ഒരു ക്യാരടറ്റിന്റെ പകുതിയും വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ക്യാരറ്റ് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. ഇനി ഇതു നന്നായി മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി കുക്കർ അടച്ചുവെച്ച് 2 വിസിൽ അടുപ്പിക്കുക.

ശേഷം എയർ കളഞ്ഞു കുക്കറിന്റെ മൂടി തുറക്കുക. ഇനി ഇതിലേക്ക് ഒരു തണ്ട് കറിവേപ്പിലയും കുറച്ച് മല്ലിയിലയും ചേർക്കുക. അതിനുശേഷം തവി ഉപയോഗിച്ച് ഉരുളക്കിഴങ്ങ് ചെറുതായി ഉടച്ച് കൊടുക്കുക. വളരെ ടേസ്റ്റിയായ പൊട്ടറ്റോ മസാല തയ്യാറായിരിക്കുന്നു.

x