ഇന്ന് വളരേ എളുപ്പത്തിൽ ടേസ്റ്റിയും സോഫ്റ്റുമായ ഇലയട ഉണ്ടാക്കാം. വരൂ ഇങ്ങനെ ചെയ്തു നോക്കൂ.

ഇലയട എല്ലാവർക്കും ഇഷ്ടമാണല്ലോ. വളരെ ടേസ്റ്റിയും സോഫ്റ്റുമായ ഒരു പലഹാരമാണ് ഇലയട. പ്രധാനമായും വറുത്ത അരിപ്പൊടി ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. ഗോതമ്പ് പൊടി ഉപയോഗിച്ചും ഇല അട ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇവിടെ അരിപ്പൊടി ഉപയോഗിച്ചുള്ള ഇലയട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യമായി രണ്ട് കപ്പ് വറുത്ത അരിപ്പൊടി ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഇതിലേക്ക് 3 ടീസ്പൂൺ പഞ്ചസാരയും ചേർക്കുക. ഓരോരുത്തരുടെയും മധുരം അനുസരിച്ച് ഇത് കൂട്ടിയും കുറച്ചും നൽകാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് വെള്ളമൊഴിച്ച് മാവ് രൂപത്തിൽ ആക്കി എടുക്കുക.

വെള്ളം കുറച്ചായി ഒഴിച്ച് വേണം മാവ് കുഴച്ചെടുക്കാൻ. ഇഡ്ഡലി മാവിന്റെ കൺസിസ്റ്റൻസിയിലാണ് ഈ മാവ് തയ്യാറാക്കി എടുക്കുന്നത്. മാവ് തയ്യാറായ ശേഷം ഇത് മാറ്റി വയ്ക്കുക. ഇനി ഇതിലേക്കുള്ള ഫില്ലിങ് തയ്യാറാക്കണം. ഇതിനായി രണ്ട് കപ്പ് ചിരകിയ തേങ്ങ എടുക്കുക. അതുപോലെതന്നെ ഒരു കപ്പ് ശർക്കര പൊടിയായി അരിഞ്ഞെടുക്കുക.

ഇതിലേക്ക് ശർക്കരക്കു പകരമായി പഞ്ചസാരയും എടുക്കാവുന്നതാണ്. ഇനി ഒരു ബൗളിലേക്ക് രണ്ട് ഏലക്ക, കാൽ ടീസ്പൂൺ ജീരകം, ഒരു നുള്ള് ചുക്ക് എന്നിവ എടുക്കുക. ഇനി ഇതിലേക്ക് അൽപം പഞ്ചസാര കൂടി ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഈ പൊടി തെങ്ങിലേക്ക് ചേർത്തു കൊടുക്കുക. ഇനി ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക.

അതിനു ശേഷം വാഴയില തുടച്ച്‌ എടുക്കുക. ഇത് ഇഷ്ടപ്പെട്ട രീതിയിൽ മുറിച്ചെടുത്ത ശേഷം അതിലേക്ക് തയ്യാറാക്കിവെച്ച മാവ് ദോശ പരത്തുന്നത് പോലെ കനംകുറച്ച് പരത്തി വയ്ക്കുക. ഇനി ഇതിനു മുകളിലായി തയ്യാറാക്കിവെച്ച ഫില്ലിങ് നടുവിലായി വെച്ചു കൊടുക്കുക. ഇനി ഇത് മടക്കി, സ്റ്റീമറിൽ ആവി വരാൻ തുടങ്ങുമ്പോൾ അതിലേക്ക് വെച്ച് ഇരുപത് മിനിറ്റുനേരം കുക്ക് ചെയ്ത് എടുക്കുക. വളരെ ടേസ്റ്റി ആയ ഇലയട തയ്യാർ.

x