മോരുകറി ഇങ്ങനെ വെച്ച് നോക്കൂ. പിന്നെ ചോറുണ്ണാൻ ഈ കറി മാത്രം മതിയാവും.

ചോറിന് കൂട്ടാൻ മോരുകറി ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ടിവരില്ല. വയറുനിറയെ ചോറുണ്ണാൻ മോരുകറി തന്നെ ധാരാളം ആയിരിക്കും. മനസ്സ് നിറയ്ക്കുന്ന ഒരു അടിപൊളി മോര് കറിയുടെ റെസിപ്പി ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിന്റെ പ്രധാന ആകർഷണം തേങ്ങ ചിരകിയതാണ്. ഈ മോരുകറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യമായി തേങ്ങ കൊണ്ടുള്ള ഒരു അരപ്പ് തയ്യാറാക്കണം. ഇതിനായി അരമുറി തേങ്ങ ചിരവിയത് എടുക്കുക. ഇതിലേക്ക് 4 കഷ്ണം വെളുത്തുള്ളി ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക.

അതിനുശേഷം അരടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കണം. ഇനി ഇതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അരക്കപ്പ് വെള്ളം കൂടി ഒഴിച്ച ശേഷം നന്നായി അരച്ചെടുക്കുക. ഇതിനുശേഷം ഇത് ഒരു മൺചട്ടിയിലേക്ക് മാറ്റുക. മൺചട്ടിയിൽ മോരു കറി വെക്കുമ്പോൾ ഒരു പ്രത്യേക സ്വാദാണ്. അതിനാലാണ് മൺചട്ടി തെരഞ്ഞെടുക്കുന്നത്. അതിനുശേഷം അരക്കപ്പ് തൈര് ഇതേ ജെറിലേക്ക് ഒഴിച്ചതിനുശേഷം ഒന്ന് അടിച്ചെടുക്കുക.

ഇനി തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചട്ടിയിൽ ഒന്ന് ചൂടാക്കിയെടുക്കുക. ഇത് തിളയ്ക്കാൻ പാടില്ല. തിളച്ചാൽ കറിയുടെ ടേസ്റ്റ് മാറും. ആയതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ അടിച്ചു വച്ച തൈര് കൂടി ചേർത്ത് കൊടുക്കുക. ഇതു ചെറിയ ചൂടിൽ ഒന്ന് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം തീ ഓഫ് ചെയ്യുക.

ഇനി അടുപ്പിൽ ഒരു ചട്ടി വെച്ച് അതിലേക്കു വെളിച്ചെണ്ണ കുറച്ചു ഒഴിക്കുക. ഇനി ഇതിലേക്ക് അൽപം കടുക് പൊട്ടിക്കുക. ഇനി ഇതിലേക്ക് മൂന്നു വറ്റൽമുളക് പൊട്ടിച്ചിടുക. ശേഷം കാൽകപ്പ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. അൽപം കറിവേപ്പിലയും ഇട്ടു കൊടുത്തു നന്നായി ഒരു ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി കൊടുക്കുക.

ഉള്ളി ബ്രൗൺ നിറമായിക്കഴിഞ്ഞാൽ ഇത് നേരത്തെ തയ്യാറാക്കിവെച്ച മോര് കൂട്ടിലേക്ക് ചേർക്കുക. സ്വാദിഷ്ടമായ മോരുകറി തയ്യാറായിരിക്കുന്നു. ഇനി ഊണിന് ഇതു തന്നെ ധാരാളം.

x