വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ടേസ്റ്റി ആയ കാശ്മീരി അപ്പം. ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ.

നമ്മുടെ വീടുകളിലെല്ലാം ബ്രേക്ക്ഫാസ്റ്റിന് അപ്പം ഉണ്ടാകാറുണ്ട്. പല രീതിയിലുള്ള അപ്പങ്ങൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്. ഇന്ന് വളരെ വ്യത്യസ്തമായ രീതിയിലുള്ള അപ്പമാണ് പരിചയപ്പെടുന്നത്. വളരെ ടേസ്റ്റിയും സോഫ്റ്റുമായ ‘കാശ്മീർ അപ്പം’ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ഇതിനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് പച്ചരി എടുത്ത് 5 മണിക്കൂർ നേരം കുതിരാൻ വയ്ക്കുക. കുതിർന്നു കഴിഞ്ഞശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ചേർക്കുക. അതോടൊപ്പം തന്നെ ഒന്നര ടീസ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക. അതിനു ശേഷം അര കപ്പ് വെള്ളം ഒഴിച്ച് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. കട്ട ഒന്നുമില്ലാതെ വേണം അടിച്ചെടുക്കാൻ.

ഇനി ഇതൊരു ബൗളിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ റവ ചേർക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. റവ ചേർത്തതിനാൽ തന്നെ കട്ട ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ കട്ടയില്ലാത്ത രീതിയിൽ വേണം മിക്സ് ചെയ്യാൻ. ഇനി അടുപ്പിലേക്ക് ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് ഈ തയ്യാറാക്കിവെച്ച മിക്സ് ഒഴിച്ചു കൊടുക്കുക.

ഇനി ഇതിലെ വെള്ളം വറ്റി നന്നായി ഡ്രൈ ആകുന്നതുവരെ നല്ല രീതിയിൽ ഇളക്കി കൊടുക്കണം. തീ വളരെ കുറച്ച് വച്ച ശേഷം മാത്രം ഇളക്കുക. 5 മിനിറ്റ് നേരം കഴിയുമ്പോഴേക്കും മാവ് നന്നായി ഡ്രൈ ആയി വരുന്നതായിരിക്കും. അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി ചെറിയ ചൂടോടെ തന്നെ കുഴയ്ക്കാൻ പാകത്തിന് ആക്കുക.

ഇനി ഇത് കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഒരു വാഴയിലയിൽ അൽപം എണ്ണ പുരട്ടി അതിനുശേഷം ഇതിൽ നിന്നും ഒരു ഉരുളയെടുത്ത് കൈ ഉപയോഗിച്ച് ചെറിയ കനത്തിൽ പരത്തി എടുക്കുക. ഇനി അടുപ്പിൽ ഒരു പാൻ വച്ച് എണ്ണയൊഴിച്ച് എണ്ണ നന്നായി ചൂടായതിനുശേഷം ഇത്തരത്തിൽ പരത്തി എടുത്ത മാവെടുത്ത് നന്നായി ഫ്രൈ ചെയ്യുക.

ഇടുമ്പോൾ തന്നെ ഇവ പൊന്തി വരുന്നതായിരിക്കും. ബ്രൗൺ നിറമാകുമ്പോൾ തിരിച്ചിട്ടു ഫ്രൈ ചെയ്ത ശേഷം കോരുക. ടേസ്റ്റിയായ കാശ്മീർ അപ്പം തയ്യാറായിരിക്കുന്നു.

x