പനീർ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ഹോട്ടലുകളിൽ നിന്നും പനീർ വിഭവങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ വീട്ടിൽ പനീർ വിഭവങ്ങൾ ഉണ്ടാക്കി നോക്കിയാലോ.ഇന്ന് വളരെ ടേസ്റ്റിയായ കടായി പനീർ ഉണ്ടാക്കി നോക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി കടായി മസാല തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി അടുപ്പത്ത് ഒരു പാത്രം വെച്ച് ചൂടാക്കി അതിലേക്ക് നാല് വറ്റൽ മുളക്, രണ്ട് കരയാമ്പൂ ഇല, രണ്ട് കരയാമ്പൂ, ഒരു ചെറിയ കഷണം കറുവപ്പട്ട, കുറച്ച് കുരുമുളക്, രണ്ട് ടീസ്പൂൺ മല്ലി, കുറച്ച് ജീരകം എന്നിവ ഇട്ട് നന്നായി വറുത്തെടുക്കുക.
ഇനി ഇത് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇനി അടുപ്പിൽ ഒരു പാൻ വെച്ച് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ഒരു വലിപ്പമുള്ള സവാളയും കുറച്ച് ക്യാപ്സിക്കവും ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക. അതിനു ശേഷം ഇത് ചെറുതായൊന്ന് വഴന്നുവരുമ്പോൾ മാറ്റുക.
അതിനുശേഷം പാനിലേക്ക് കുറച്ചു ഓയിൽ ഒഴിച്ച് അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് നാല് അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും ഇടുക. അതിനു ശേഷം മൂന്ന് മീഡിയം വലിപ്പമുള്ള തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക.
ഇനി ഇതും നന്നായി വഴന്നു വന്നതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. ഇനി അടുപ്പിൽ പാത്രം വെച്ച് കുറച്ച് നെയ് ഒഴിച്ച ശേഷം അതിലേക്ക് മുറിച്ചു വെച്ച പനീർ ഇടുക. പനീർ ഒന്നു മൊരിഞ്ഞു വരുമ്പോൾ ഒരു പത്രത്തിലേക്ക് മാറ്റി വെക്കുക.
അതിനു ശേഷം അടുപ്പിൽ പാൻ വച്ച് രണ്ട് ടീ സ്പൂൺ ഓയിൽ ഒഴിച്ച ശേഷം ഇതിലേക്ക് തക്കാളി പേസ്റ്റ് ചേർക്കുക. അതിനു ശേഷം ഇതിലേക്ക് നേരത്തെ ചതച്ച് വെച്ച കടായി മസാല ചേർത്ത് ഇളക്കുക. അതിനുശേഷം ഇത് നന്നായി ഇളക്കി ഇതിലെ എണ്ണ തെളിയുന്നതുവരെ നല്ലവണ്ണം ഇളക്കി കൊടുക്കണം. എണ്ണ തെളിഞ്ഞു കഴിഞ്ഞാൽ ഇതിലേക്ക് നേരത്തെ വഴറ്റി വച്ച സവാളയും ക്യാപ്സിക്കവും ചേർത്തിളക്കുക. ഇനി ഇത് 10 മിനിറ്റ് നേരം മൂടിവെച്ച് വേവിക്കുക.
അതിനുശേഷം നേരത്തെ വറുത്തു വെച്ച പനീർ ഇതിലേക്ക് ചേർക്കുക. കുറച്ച് ഫ്രഷ് ക്രീമും ചേർത്ത് ഇളക്കിയ ശേഷം പാത്രത്തിലേയ്ക്ക് മാറ്റി വിളമ്പാവുന്നതാണ്.