കടായി ചിക്കൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ നമ്മുടെ വീടുകളിൽ വെക്കുമ്പോൾ വിചാരിച്ചത്ര രുചിയിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കാറില്ല. എന്നാൽ ഇന്ന് വളരെ സ്വാദിഷ്ടമായ കടായി ചിക്കൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു കിലോ ചിക്കൻ നല്ല വൃത്തിയായി കഴുകി എടുത്തു വെള്ളം മാറ്റി വെക്കുക.
ഇതിലേക്ക് 2 ടീസ്പൂൺ കശ്മീരി മുളകുപൊടി ഇടുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. അതുപോലെതന്നെ ഒന്നര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക. ഒരു ചെറുനാരങ്ങ ഇതിലേക്ക് പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം നന്നായി മിക്സ് ചെയ്തു അടച്ചുവയ്ക്കുക.
ഇനി കടായിക്ക് ആവശ്യമായ ഒരു മസാല തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി പിരിയൻ മുളക് 5 എണ്ണം, മുഴുവൻ മല്ലി രണ്ട് ടേബിൾ സ്പൂൺ, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം, അതുപോലെതന്നെ ഒരു ടീസ്പൂൺ പെരുംജീരകം, ഒന്നര ടീസ്പൂൺ കുരുമുളക് എന്നിവ ഇട്ടു കൊടുക്കുക. അതുപോലെതന്നെ 1/4 ടീസ്പൂൺ ഉലുവയും ചേർക്കുക.
പിന്നെ ഇതെല്ലാം നന്നായി പാനിൽ വച്ച് വറുത്തു എടുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി പൊടിച്ചെടുക്കുക. അതുപോലെതന്നെ 4 തക്കാളി ഒന്ന് വേവിച്ചെടുത്ത ശേഷം അതിന്റെ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക. ഇനി അടുപ്പിൽ പാൻ ചൂടാക്കി അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇനി ഇതിലേക്ക് അര മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വച്ച ചിക്കൻ എടുത്തു ചെറുതായിട്ടൊന്ന് ഫ്രൈ ചെയ്തെടുക്കുക.
അതിനുശേഷം പാനിലേക്ക് കുറച്ച് ക്യാപ്സിക്കവും സവാളയും ക്യൂബ് ആയി അരിഞ്ഞതിനുശേഷം കുറച്ച് ഓയിലും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അടുത്തതായി ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ നെയ്യൊഴിച്ച ശേഷം അതിലേക്ക് രണ്ട് വറ്റൽ മുളക് പൊട്ടിച്ച് ചേർക്കുക. അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകും രണ്ട് ഗ്രാമ്പൂ, ചെറിയ രണ്ട് കഷണം കറുവപ്പട്ട എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു നന്നായി ഇളക്കുക.
ശേഷം 4 മീഡിയം വലിപ്പമുള്ള സവാള നീളത്തിൽ അരിഞ്ഞതും ചേർക്കുക. ഇത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിന്റെ പച്ചമണം ഒന്ന് മാറിയതിനുശേഷം ഇതിലേക്ക് നേരത്തെ അടച്ചുവെച്ച തക്കാളി പേസ്റ്റ് ചേർക്കുക. ശേഷം തക്കാളിയുടെ വെള്ളം ഒന്ന് വറ്റുമ്പോൾ കുറച്ച് എണ്ണ കൂടി ഒഴിച്ച് ചേർത്തിളക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടിയും അര ടീ സ്പൂൺ പൊടിച്ച ജീരകം, കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക.
അര ടീസ്പൂൺ ഗരംമസാല ചേർത്തതിനുശേഷം പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ നേരത്തെ തയ്യാറാക്കി വെച്ച മസാല ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ കട്ട തൈര് ചേർക്കുക. ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ചിക്കൻ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒന്നര ഗ്ലാസ് ചൂടുവെള്ളം ഒഴിക്കുക.
ഇനിയിതു കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു കടായി മസാലയും ചേർത്ത ശേഷം നന്നായി ഇളക്കി നേരത്തെ തയ്യാറാക്കി വെച്ച ക്യാപ്സിക്കവും സവാളയും ചേർത്ത് ഇളക്കുക. ഇനി ഒരു മിനിറ്റ് കൂടി ഒന്ന് മൂടി വെച്ച് വേവിക്കുക. സ്വാദിഷ്ടമായ കടായി ചിക്കൻ തയ്യാർ.