ഇനി ഐസ്ക്രീം കഴിക്കാൻ പുറത്ത് പോവണ്ട. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം സ്വദിഷ്ടമായ ചോക്കോബാർ.

ഐസ്ക്രീമുകൾ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഐസ്ക്രീമുകൾ ഇഷ്ടമുള്ളവരിൽ പ്രധാനപ്പെട്ട ഇനങ്ങളിൽ ഒരു ഇനമാണ് ചോക്കോബാറുകൾ. ചോക്കോ ബാറുകൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും കടകളിൽ നിന്നും ലഭിക്കുന്ന ചോക്കോബാറുകൾ പോലുള്ള ഏതു ഐസ് ക്രീമുകളും വിശ്വസിച്ചു കുട്ടികൾക്ക് കൊടുക്കാൻ നമുക്ക് ധൈര്യം ഉണ്ടാവില്ല.

നമ്മൾ ആഗ്രഹിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വെച്ച് ആണോ ഇവ ഉണ്ടാക്കുന്നത് എന്ന് ആർക്കും ഉറപ്പ് നൽകാൻ കഴിയില്ല. ഇന്ന് വിപണിയിൽ പല കമ്പനികളുടെയും ഐസ്ക്രീമുകളുടെ വകഭേദങ്ങൾ ലഭ്യമാണെങ്കിലും ഇവ എത്രമാത്രം വിശ്വസിച്ചു ഉപയോഗിക്കാൻ കഴിയും എന്നത് നമുക്ക് അറിയില്ല. എന്നാൽ ഇവ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയാൽ അത് വിശ്വസിച്ചു കഴിക്കാൻ സാധിക്കും. ഇന്ന് ചോക്കോബാർ ഐസ്ക്രീം എങ്ങനെയാണ് വളരേ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യമായി ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെ എന്ന് നോക്കാം. ആദ്യമായി രണ്ട് ഗ്ലാസ് പാല് ഒരു പാത്രത്തിലേക്ക് എടുക്കുക ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ അല്ലെങ്കിൽ മൈദ മാവ് അല്ലെങ്കിൽ ഗോതമ്പുപൊടി ഇവയിൽ ഏതെങ്കിലും ചേർക്കുക. അതിനുശേഷം ഇതിലേക്ക് അര ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. കൂടാതെ ഒരു ടീസ്പൂൺ വാനില എസൻസും ചേർക്കുക.അതിനുശേഷം ഈ പാത്രം അടുപ്പത്ത് വെച്ച് നന്നായി മിക്സ് ചെയ്യുക ശേഷം തീ കത്തിക്കുക. നന്നായി ചൂടായി ഇത് തിളയ്ക്കാൻ അനുവദിക്കുക. മിനിമം 30 സെക്കൻഡ് നേരമെങ്കിലും തിളച്ചുകൊണ്ടിരിക്കണം.

കോൺഫ്ലവർ നന്നായി വേവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നന്നായി തിളച്ചതിനുശേഷം തീ ഓഫ് ചെയ്തു ഇത് ഫാനിന്റെ ചുവട്ടിൽ തണുക്കാനായി വയ്ക്കുക. നന്നായി തണുത്തതിനുശേഷം ഇത് ഐസ്ക്രീം മോൾഡിൽ ഒഴിക്കുക അതിനുശേഷം മോൾഡിനു മുകളിൽ അലൂമിനിയം ഫോയിൽ വച്ച് നന്നായി കവർ ചെയ്തതിനു ശേഷം അത് ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി അതിലേക്ക് ഐസ്ക്രീം സ്റ്റിക്കുകൾ ഇറക്കി വെക്കുക.

ഇനി ഇത് ഫ്രീസറിൽ വച്ച് ഒരു ഫ്രീസ് ആവുന്നത് വരെ വെയിറ്റ് ചെയ്യണം. ഈ സമയത്ത് ചോക്കോബാറിന്റെ ചോക്ലേറ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം . അതിനായി ഡാർക്ക് ചോക്ലേറ്റോ മിൽക്ക് ചോക്ലേറ്റോ ഏതെങ്കിലും എടുത്ത് അത് ഉരുക്കാൻ ആവശ്യമായ രീതിയിൽ രണ്ട് ടീസ്പൂണോ അതിലധികമോ ഓയിൽ ചേർത്തതിനുശേഷം ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ച്‌, അതിനു മുകളിൽ ചോക്ലേറ്റ് വച്ചിരിക്കുന്ന ഈ പാത്രം ഇറക്കിവെച്ച് നന്നായി ഉരുകുന്നതുവരെ ഇളക്കുക.

ചോക്ലേറ്റ് നന്നായി ഉരുകി കഴിഞ്ഞശേഷം ഒരു ഗ്ലാസ്സിലേക്ക് ഇത് പകർത്തുക. ചോക്ലേറ്റ് നന്നായി തണുത്തതിനുശേഷം ഫ്രീസ് ആയ ഐസ്ക്രീം എടുത്ത് ഈ ചോക്ലേറ്റിൽ മുക്കി വീണ്ടും തണുക്കാൻ വയ്ക്കുക. സ്വാദിഷ്ടമായ വിശ്വാസത്തോടെ കുട്ടികൾക്ക് കൊടുക്കാൻ സാധിക്കുന്ന ചോക്കോബാർ തയ്യാറായിരിക്കുന്നു.