ഇനി ഹൽവ എന്തിന് പുറത്ത് നിന്ന് വാങ്ങണം? ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം നല്ല സ്വദിഷ്ടമായ ഹൽവ.

നമുക്ക് എല്ലാവർക്കും ഹൽവ ഇഷ്ടമാണ്. പല നിറങ്ങളിലുള്ള കൊതിയൂറുന്ന ഹൽവകൾ ഇന്ന് ലഭ്യമാണ്. ചിലർക്കെങ്കിലും ഇത് വിശ്വസിച്ച് കഴിക്കാൻ കഴിയാത്തവർ ഉണ്ട്. അങ്ങനെ ഉള്ളവർക്കും, ഹൽവ ഇഷ്ടപ്പെടുന്നവർക്കും വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ബീറ്റ്റൂട്ട് ഹൽവയുടെ റെസിപ്പിയുമായാണ് ഇന്നിവിടെ വന്നിരിക്കുന്നത്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് ഹൽവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനായി മീഡിയം വലിപ്പമുള്ള 3 നിറമുള്ള ബീറ്റ്റൂട്ട് തെരഞ്ഞെടുക്കുക. അതിനുശേഷം ഒരു ഗ്രേറ്റർ വെച്ച് നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക. ഗ്രേറ്റർ ഇല്ലെങ്കിൽ കത്തികൊണ്ട് വളരെ ചെറുതായി അരിഞ്ഞെടുത്താലും മതിയാകും. അതിനുശേഷം ഒരു കടായി പാൻ അടുപ്പത്തു വെച്ച് ചൂടാക്കി അതിനു ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ് ചേർക്കുക.

നെയൊന്ന് ചൂടായി വരുമ്പോൾ അതിലേയ്ക്ക് അരിഞ്ഞുവച്ച ബീറ്റ്റൂട്ട് ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ബീറ്റ്റൂട്ടിന്റെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒന്നരക്കപ്പ് തേങ്ങാപ്പാലും ചേർക്കുക. അരമുറി തേങ്ങ ചിരകിയതിൽ വെള്ളം ചേർത്ത് പിഴിഞ്ഞെടുത്ത പാൽ ആണ് വേണ്ടത്. തേങ്ങാപ്പാലിനു പകരം പശുവിൻ പാൽ ചേർത്താൽ നമ്മൾ വിചാരിച്ച രുചി കിട്ടില്ല. കഴിവതും തേങ്ങാപ്പാൽ തന്നെ ചേർക്കാൻ ശ്രമിക്കുക.

ഇതു കൂടി ചേർത്ത് നന്നായി തിളച്ചു വരുന്നതുവരെ ഇളക്കുക. തേങ്ങാപ്പാൽ പകുതിയോളം വറ്റി നന്നായി ബീറ്റ്റൂട്ട് വെന്തു വരുന്നതുവരെ ഇളക്കേണ്ടതുണ്ട്. അതിനുശേഷം ആവശ്യത്തിനുള്ള മധുരം ചേർക്കുക. ഒരു കപ്പ് പഞ്ചസാര ആണ് ചേർക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഏലക്കായ പൊടിച്ചത് ചേർക്കുക.

അതിനുശേഷം 6 ടേബിൾ സ്പൂൺ കോൺഫ്ലവർ ഒരു പാത്രത്തിൽ എടുത്ത് കുറച്ച് വെള്ളം ചേർത്ത് കട്ടയില്ലാതെ ഇളക്കിയതിനുശേഷം ഇത് ബീറ്റ്റൂട്ടിലേക്ക് ചേർത്ത് കൊടുക്കുക. തീ വളരെ കുറച്ച് വച്ചതിനു ശേഷം ആണ് ചേർത്തു കൊടുക്കേണ്ടത്. ഇത് നന്നായി ഒന്ന് വെന്തുവരുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതൊന്നും കുറുകി വരാൻ തുടങ്ങും. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവത്തിൽ ആകുമ്പോൾ ഇതിലേക്ക് വറുത്തു വെച്ച നട്സ് ചേർക്കുക. വീണ്ടും നന്നായി ഇളക്കി ഒന്ന് തണുത്തതിനുശേഷം ഒരു ട്രെയിലേക്ക് മാറ്റുക. ഒരാഴ്ച വരെ കേടാകാതെ ഇരിക്കുന്ന അടിപൊളി ടേസ്റ്റ് ഉള്ള ബീറ്റ്റൂട്ട് ഹൽവ തയ്യാർ.

x