സാധാരണക്കാരുടെ എല്ലാം ഇഷ്ടപെട്ട ബേക്കറി വിഭവങ്ങളിലൊന്നാണ് പഫ്സ്. മുട്ട, വെജ്, ചിക്കൻ എന്നിങ്ങനെ പലതരത്തിലുള്ള വിഭവങ്ങൾ വെച്ചുള്ള പഫ്സ് കടകളിൽ ലഭ്യമാണ്. ബേക്കറികളിൽ നിന്നും ലഭിക്കുന്ന ബേക്കറി വസ്തുക്കൾ നമുക്ക് ചിലപ്പോൾ വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കുകയില്ല.
ഇവ ഉണ്ടാക്കുന്ന രീതിയിലുള്ള വിശ്വാസക്കുറവും ഗുണമേന്മ കുറവുമെല്ലാം ആണ് ഇതിന് കാരണം. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണ വിഭവങ്ങൾ നമ്മൾ വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ പല വീട്ടിലും മൈക്രോ വേവ് ഓവൻ ഉണ്ടാകാറില്ല. ഈയൊരു പോരായ്മ കാരണം പലപ്പോഴും പലരും ബേക്കറി വിഭവങ്ങൾ വീട്ടിലുണ്ടാക്കുന്ന ശ്രമം ഉപേക്ഷിക്കുകയാണ് ചെയ്യാറ്.
എന്നാൽ നമ്മുടെ ഇഷ്ട വിഭവമായ പഫ്സ് ഓവൻ ഇല്ലാതെ തന്നെ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനാണ് ഒരു പാത്രത്തിൽ ഒന്നര കപ്പ് മൈദ എടുക്കുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നെയ്ക്ക് പകരം ബട്ടർ ഉണ്ടെങ്കിൽ അത് ചേർക്കാവുന്നതാണ്. ഇതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം അര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി കൈകൊണ്ട് കുഴച്ചെടുക്കുക. ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടി സോഫ്റ്റ്നെസ്സ് ഇതിന് ആവശ്യമാണ്.
ഇനി ഈ മിശ്രിതം 15 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക. ഈ സമയം ഫില്ലിങ്ങിന് ആവശ്യമായ ഉള്ള മുട്ട കറി എങ്ങനെ വെക്കാം എന്ന് നോക്കാം. അതിനായി 3 മുട്ട പുഴുങ്ങാൻ ആയി വെക്കുക. അതിനുശേഷം 3 സവാള ചെറുതായി അരിഞ്ഞത്, അതുപോലെതന്നെ തക്കാളി 1, 3-4 പച്ചമുളക് ഇവയും ചെറുതായി അരിഞ്ഞു വയ്ക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയാണ് ആവശ്യമുള്ളത്.
അതിനുശേഷം അടുപ്പത്ത് പാൻ വെച്ച് സവാള, പച്ചമുളക്, തക്കാളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ അളവനുസരിച്ച് ചേർത്ത് നന്നായി ഇളക്കുക. പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കിയതിനുശേഷം ഒന്ന് മൂടിവെച്ച് വേവിക്കുക. ഫില്ലിങ്ങിന് ആവശ്യമായ കറി ഇപ്പോൾ റെഡിയായി കഴിഞ്ഞിരിക്കുന്നു. അതിനുശേഷം കുഴച്ചുവെച്ച മാവ് 15 മിനിട്ടിനു ശേഷം എടുത്തു നല്ല വൃത്തിയുള്ള ഒരു പാദകത്തിൽ ചെറുതായി പൊടി തൂവിയതിനു ശേഷം അതിനു മുകളിൽ നന്നായി പരത്തിയെടുക്കുക. അതിനുശേഷം സമചതുരാകൃതിയിൽ ചെറുതായി ഉള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക.
ഇതിനു ശേഷം ഇതിലേക്ക് ഫില്ലിംഗ് ചെയ്യാനുള്ള കറിയും ഒരു പകുതി മുട്ടയും വച്ചതിനുശേഷം കോൺ ആകൃതിയിൽ ഫോൾഡ് ചെയ്ത് എടുക്കുക. അതിനു ശേഷം അടുപ്പത്തു ഒരു കുക്കർ വെച്ച് അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചതിനു ശേഷം ഈ ഫോൾഡ് ചെയ്ത പഫ്സ് അതിലേക്ക് ഇറക്കി വെക്കുക. ശേഷം 7 മിനിറ്റ് അടച്ച് വെച്ച് ബേക്ക് ചെയ്തെടുക്കുക. കുക്കർ തുറന്ന് മൊരിയാത്ത ഭാഗം മറിച്ചിടുക. വീണ്ടും മൂന്ന് നാല് മിനിറ്റിനുശേഷം കുക്കർ തുറന്ന് ഇത് പുറത്തെടുക്കുക. ഓവൻ ഉപയോഗിക്കാതെ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ പഫ്സ് തയ്യാർ.