സാൻവിച്ച് കഴിക്കാൻ ഇനി പുറത്ത് പോകേണ്ട. വീട്ടിൽ തന്നെ ഉണ്ടാക്കാം രുചികരമായ എഗ്ഗ് സാൻവിച്ച്.

സാൻവിച്ചുകൾ എല്ലാവർക്കും ഇഷ്ടമാണ്. കടകളിൽ നിന്നും ലഭിക്കുന്ന സാൻവിച്ചുകൾ അല്ലാതെ ഇത് ഒരിക്കലെങ്കിലും വീടുകളിൽ ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും. അവർക്കായി വളരേ എളുപ്പത്തിൽ രുചികരമായ ബ്രെഡ് എഗ്ഗ് സാൻവിച്ച് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യമായി സാൻവിച്ചിനായുള്ള ഫില്ലിങ് തയ്യാറാക്കുന്നത് എങ്ങനെ നോക്കാം. അതിനായി ഒരു സവാള നീളത്തിലരിഞ്ഞത് എടുക്കുക. അതുപോലെതന്നെ ഒരു വലിയ ക്യാപ്സിക്കം എടുത്ത് അതിന്റെ പകുതി സവാള അരിഞ്ഞത് പോലെ നീളത്തിലരിഞ്ഞത് ഇതിലേക്ക് ചേർക്കുക. അതുപോലെതന്നെ ഒരു വലിയ തക്കാളി നീളത്തിൽ അരിഞ്ഞ് ഇതിലേക്ക് ചേർക്കുക. അതിനുശേഷം രണ്ട് മുട്ട പുഴുങ്ങി എടുത്ത് അതിന്റെ വെള്ള മാത്രം നീളത്തിൽ ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി വേണ്ടത് മയോണൈസ് ആണ്. അരക്കപ്പ് മയോണൈസ് ഇതിലേക്ക് ചേർത്തതിനുശേഷം അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക. അതോടൊപ്പം തന്നെ ഒരു നുള്ള് ഉപ്പ് ചേർക്കുക. അതിനുശേഷം ഇവയെല്ലാം നന്നായി ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്യുക. അധികം പ്രഷർ കൊടുത്തത് മിക്സ് ചെയ്യാൻ പാടില്ല, കാരണം മുട്ട ഉടഞ്ഞുപോകും. ഇനി ഇത് മാറ്റി വയ്ക്കുക. ഇനി ബ്രഡ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ഒരു പാത്രത്തിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇതിലേക്ക് കാൽക്കപ്പ് പാൽ ഒഴിക്കുക. അതോടൊപ്പം തന്നെ ഒരുനുള്ള് ഉപ്പും ചേർക്കുക. കൂടാതെ അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇനി അടുപ്പത്ത് പാൻ വെച്ചതിനുശേഷം കുറച്ച് ബട്ടർ പാനിലേക്ക് നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം തീ ലോ ഫ്ലെയിമിൽ വെക്കുക. അതിനുശേഷം ബ്രഡ് ഓരോന്നായി എടുത്തു ഇപ്പോൾ തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സിൽ മുക്കി എടുത്ത് റോസ്റ്റ് ചെയ്ത് എടുക്കുക.

ഇനി രണ്ട് ബ്രെഡ് റോസ്റ്റുകൾ എടുത്ത് ഒന്നിൽ കുറച്ച് ടൊമാറ്റോ സോസ് പുരട്ടി, അതിനു മുകളിലായി നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന ഫില്ലിങ് ആവശ്യത്തിന് അനുസരിച്ച് നിറച്ച്‌ മറ്റൊരു ബ്രഡ് ഉപയോഗിച്ച് അടയ്ക്കുക. വളരെ ടേസ്റ്റിയായ ബ്രെഡ് എഗ്ഗ് സാൻവിച്ച് തയ്യാറായിരിക്കുന്നു.

x