അരിപൊടിയും മുട്ടയും ഉണ്ടോ? ഒരു കിടിലൻ മുട്ട കൽമാസ് ഉണ്ടാക്കാം.

അരിപൊടിയും മുട്ടയും വെച്ച് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുട്ട കൽമാസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി അടുപ്പിൽ പാൻ വെച്ച് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക് അരിഞ്ഞത് ഇടുക. അതിനുശേഷം ഇതിലേക്ക് 2 വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക.

ഇതൊന്ന് വാടിയ ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക. കുറച്ചു ഉപ്പ് കൂടി ചേർത്ത് ഇതു നന്നായി വഴറ്റി എടുക്കണം. ഇതിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക.

അതിനുശേഷം ഈ പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കണം. അതിനുശേഷം ഇതിലേക്ക് പുഴുങ്ങി വച്ച നാലു മുട്ട ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചേർക്കുക. ഇനി മുട്ടയുടെ മഞ്ഞക്കരു അധികം ഉടയാതെ ഇളക്കി എടുക്കുക. ആവശ്യമായ ഫില്ലിങ് ഇവിടെ തയ്യാറായിരിക്കുന്നു.

ഇനി ഒരു കപ്പ് ചിരവിയ തേങ്ങ ഒരു മിക്സിയുടെ ജാറിൽ എടുക്കുക. ശേഷം 9 ചുവന്നുള്ളി ഇതിലേക്കിടുക. ശേഷം ഒരു ടീസ്പൂൺ പേരുംജീരകവും അര ടീസ്പൂൺ ചെറിയ ജീരകവും ഇതിലേക്ക് ചേർക്കുക. ഇനി ഇതൊന്ന് കറക്കി എടുക്കുക. നന്നായി അരഞ്ഞു പോകരുത്. അതിനുശേഷം ഒരു ബൗളിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക.

അതിനുശേഷം ആവശ്യത്തിന് ഉപ്പ് ഇട്ട് ഇതിലേക്ക് അരച്ച് വെച്ച തേങ്ങ ചേർക്കുക. അതിനുശേഷം ഇതിലേക്ക് നല്ല തിളച്ച വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇടിയപ്പത്തിന് ഒക്കെ മിക്സ് ചെയ്യുന്ന പരുവത്തിൽ വേണം മിക്സ് ചെയ്ത് എടുക്കാൻ. അതിനുശേഷം ഇത് രണ്ട് മിനിറ്റ് മൂടി വയ്ക്കണം.

അതിനുശേഷം ഈ മാവ് കയ്യിൽ ഓയിൽ പുരട്ടിയതിനു ശേഷം ഓരോ ഉരുളയെടുത്ത് ഒന്ന് കൈ കൊണ്ട് പരത്തി അതിലേക്ക് ഫില്ലിങ് നിറച്ച് കൊടുക്കുക. അതിനുശേഷം ഇത് ഇഷ്ടമുള്ള രൂപത്തിൽ ആക്കി ഇഡ്ഡലിത്തട്ടിൽ കുറച്ച് എണ്ണ പുരട്ടി അതിനുശേഷം അതിനു മുകളിലേക്ക് ഇവയെല്ലാം വെച്ചുകൊടുത്തു പുഴുങ്ങിയെടുക്കുക. 20 മിനിറ്റ് വേവിക്കാവുന്നതാണ്. അതിനുശേഷം ഒരു ബൗളിൽ അഞ്ച് ടീസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു പിടി മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്യുക.

കുറച്ചു ലൂസായ പരുവത്തിൽ വേണം മിക്സ് ചെയ്യാൻ. അതിന് ശേഷം അടുപ്പിൽ കുറച്ച് ഓയിൽ ഒഴിച്ച് പുഴുങ്ങിയെടുത്ത ഓരോ റോളും എടുത്തു ഈ മസാലയിൽ മുക്കി എണ്ണയിൽ ഒന്നു വറുത്തെടുക്കുക. ടേസ്റ്റി അയ മുട്ട കൽമാസ് തയ്യാറായിരിക്കുന്നു.

x