നാളികേരം ഉണ്ടോ? എളുപ്പത്തിൽ ഒരു കറി ഉണ്ടാക്കാം!! എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വളരെ സ്വാദുള്ള കറിയാണ് പരിചയപ്പെടുത്തുന്നത്. പച്ചക്കറികളോ നോൺവെജ് ഐറ്റംസോ ഇല്ലാതിരുന്ന സമയത്ത് ഊണു കഴിക്കാൻ സാധിക്കുന്ന ഒരു അടിപൊളി കറിയാണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി ഒരു മൺചട്ടി അടുപ്പിൽ വയ്ക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി ഇതിലേക്ക് രണ്ട് പച്ചമുളക് നെടുകെ കീറി ഇടുക. അതോടൊപ്പം 4 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കുക. ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില കൂടി ഇട്ട ശേഷം നന്നായി ഇളക്കുക. ഇത് വാടി വരുമ്പോൾ ഇതിലേക്ക് 2 സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഇത് നന്നായി വഴറ്റുക. സവാള നന്നായി വഴന്നു വന്ന ശേഷം ഇതിലേക്ക് ഒരു മീഡിയം വലിപ്പമുള്ള തേങ്ങ വളരെ ചെറിയ കഷണങ്ങളാക്കി പൂളി എടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്യുക. രണ്ടോ മൂന്നോ മിനിറ്റ് നേരം നന്നായി ഇളക്കിയശേഷം പൊടികൾ ഇതിലേക്ക് ചേർക്കാം. അതിനായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും മൂന്ന് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർക്കുക. നല്ല എരിവുള്ള മുളക് പൊടി ആണെങ്കിൽ നിങ്ങളുടെ എരുവിന് അനുസരിച്ച് ഉള്ള മുളകുപൊടി ചേർക്കുക.

അതിനുശേഷം പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇനി ഇതിലേക്ക് ഒരു കഷ്ണം കുടംപുളി കൂടി ചേർത്ത ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായി ഇളക്കുക. നന്നായി ഇളക്കിയ ശേഷം ഗ്രേവി വേണമെങ്കിൽ അരക്കപ്പ് വെള്ളം കൂടി ഒഴിച്ചുകൊടുത്തു മൂടിവെച്ച് വേവിക്കുക.

തീ നന്നായി കുറച്ചു വെച്ച് വേണം മൂടിവെച്ച് വേവിക്കാൻ. ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതുണ്ട്. നന്നായി വെന്തു കഴിയുമ്പോൾ ഒരു പാനിലേക്ക് അല്പം ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം രണ്ട് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച ശേഷം ഇത് നമ്മുടെ കറിയിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. വരെ ടേസ്റ്റിയായ കറി തയ്യാർ.

x