എത്ര ഇഷ്ട്ടമല്ലാത്ത ആളുകളും കൊതിയോടെ കഴിക്കും ഇങ്ങനെ വെള്ളക്കടല കറി വെച്ചാൽ.

വെള്ളക്കടല നമ്മുടെ വീടുകളിൽ കറി വെക്കാറുണ്ട്. ഇന്ന് വളരെ വ്യത്യസ്തമായ രീതിയിൽ വെള്ളക്കടല കറിയുടെ റെസിപ്പിയുമായാണ് വന്നിരിക്കുന്നത്. വളരെ വ്യത്യസ്തമായി വെള്ള കടല മസാല കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഈ കറി വയ്ക്കുന്നതിന് ഒന്നേകാൽ കപ്പ് വെള്ളക്കടല ചൂടുവെള്ളത്തിൽ കുതിർത്ത് എടുക്കുക. നാലോ അഞ്ചോ മണിക്കൂർ കൊണ്ട് നന്നായി കുതിർന്നു കിട്ടും. അതിനുശേഷം കുക്കറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ഈ വെള്ളക്കടല മാറ്റി അതിലേക്ക് നാല് ഏലക്ക, ഒരു വലിയ കഷണം കറുവപ്പട്ട, നാല് ഗ്രാമ്പു, രണ്ട് ബേയ്ലീവ്‌സ് എന്നിവ ചേർത്തതിനുശേഷം ഒരു വെള്ളത്തുണിയിൽ ഒരു ടീസ്പൂൺ ചായപ്പൊടി എടുത്ത് കിഴികെട്ടി ഇത് കുക്കറിലേക്ക് ഇറക്കിവെക്കുക.

ഇനി കടല വേവിക്കാൻ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി കുക്കറിൽ മൂന്ന് വിസിൽ അടിച്ച ശേഷം ഇതിൽനിന്ന് കിഴിയും ബേയലീവ്‌സും എടുത്തു മാറ്റുക. അടുത്തതായി രണ്ട് വലിയ സവാളയും രണ്ട് വലിയ തക്കാളിയും എടുക്കുക. ഇനി ഇത് ഓരോന്നും പ്രത്യേകം പ്രത്യേകമായി അരിച്ചെടുക്കണം. അരച്ചെടുക്കുന്ന സമയത്ത് വെള്ളം തീരെ ഉപയോഗിക്കാൻ പാടില്ല. അങ്ങനെ തക്കാളി നന്നായി അരച്ചത് ഒരു പാത്രത്തിലേക്ക് സവാള നന്നായി അരച്ചത് മറ്റൊരു പാത്രത്തിലേക്ക് എടുത്തു വെക്കുക.

ഇനി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. അതിനു ശേഷം അരച്ച് വച്ച സവാള ചേർത്ത് കൊടുക്കുക. കുറച്ചു ഉപ്പ് ചേർത്ത് നന്നായി ഇളക്കിയതിനുശേഷം സവാള ഒന്ന് ഗോൾഡൻ നിറമാകുന്നതു വരെ ഇളക്കുക. ശേഷം ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. ഇതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക.

ശേഷം ഇതിലേക്ക് അരച്ചുവെച്ച തക്കാളിയും ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ കസൂരി മേത്തി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക.

അതിനുശേഷം ഇതിലേക്ക് വേവിച്ചു വച്ച കടല ചേർത്ത് നന്നായി ഇളക്കുക. വേണമെങ്കിൽ കടല കുറച്ചെടുത്ത് ഉടച്ചു ചേർക്കാം. അതിനുശേഷം ഇതിലേക്ക് കടല വേവിച്ച വെള്ളം ഒഴിക്കുക. ആവശ്യമെങ്കിൽ ഒരു ഗ്ലാസ് കൂടി ചൂടുവെള്ളം ഒഴിച്ചതിനുശേഷം തിളപ്പിക്കുക.

ഇനി ഇതിലേക്ക് അൽപം നാരങ്ങാനീര് കൂടി ചേർക്കണം. അതിനു ശേഷം പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, അല്പം മുളകുപൊടി എന്നിവ നന്നായി മൂപ്പിച്ചെടുക്കുക. ഇനി ഇത് കറിയുടെ മുകളിലായി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. സ്വാദിഷ്ടമായ വെള്ളക്കടല മസാല തയ്യാറായിരിക്കുന്നു.

x