ക്യാരറ്റ് കൊണ്ട് ഒരു അടിപൊളി വിഭവം ഉണ്ടാക്കാം. ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കൂ ക്യാരറ്റ് പോള.

ക്യാരറ്റ് ഉപയോഗിച്ചുകൊണ്ടുള്ള പല തരത്തിലുള്ള പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് വളരെ സ്പെഷ്യൽ ആയ ഒരു വിഭവത്തെ ആണ് പരിചയപ്പെടുത്തുന്നത്. ‘ക്യാരറ്റ് പോള ‘ എന്ന് പേരുള്ള ഈ വിഭവം എങ്ങനെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി വലിയ രണ്ട് ക്യാരറ്റ് എടുത്ത് അതിന്റെ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി വെക്കുക. അതിനുശേഷം ഇത് വട്ടത്തിൽ ചെറുകഷണങ്ങളാക്കി അരിഞ്ഞെടുക്കുക. അതിനുശേഷം ഒരു കുക്കറിൽ ഈ കഷണങ്ങൾ ഇട്ടു ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. സാധാ പാത്രത്തിൽ വെള്ളമൊഴിച്ച് വേവിച്ച് എടുത്താലും മതിയാകും.

അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പാൽപ്പൊടി ചേർക്കുക. അതോടൊപ്പം തന്നെ രണ്ട് ടേബിൾസ്പൂൺ മിൽക്ക് മെയ്ഡും ചേർക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക. മധുരം നോക്കിയിട്ട് വേണം പഞ്ചസാര ചെറുക്കാൻ. ഇതിലേക്ക് 2 ഏലക്ക പൊടിച്ചത് ചേർക്കുക.

അതിനുശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ മൈദ പൊടി ചേർത്ത് കൊടുക്കുക. ഇനി വേവിച്ചുവെച്ച ക്യാരറ്റ് ഒട്ടും വെള്ളമില്ലാതെ തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം മധുരം ഒന്നു ബാലൻസ് ചെയ്യാനായി ഒരു നുള്ള് ഉപ്പും ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് വളരെ ഫൈൻ ആയി തന്നെ അരച്ചെടുക്കണം.

അതിനുശേഷം അടുപ്പിൽ ഒരു പാൻ വച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് നെയ് ചേർക്കുക. നെയ് ചൂടായി വന്നതിനു ശേഷം ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുക്കുക. അതിനുശേഷം ഇത് കോരി മാറ്റിയതിനുശേഷം ഇതിലേക്ക് കുറച്ച് തേങ്ങ ചിരവിയതും ചേർത്ത് കൊടുത്തത് നന്നായി വറുത്തെടുക്കുക.

ഇനി അടുപ്പിൽ മറ്റൊരു പാൻ വച്ച് ചൂടാക്കിയതിനുശേഷം അതിനു മുകളിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും എല്ലാം വറുത്തെടുക്കാൻ ഉപയോഗിച്ച് പാൻ വെക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് ഒഴിച്ചു കൊടുക്കുക.

ഇനി ഇതൊന്ന് പകുതി വേവുന്നതുവരെ മൂടി വെച്ച് വേവിക്കണം. പകുതി വെന്തുകഴിയുമ്പോൾ ഇതിനു മുകളിലായി ഉണക്കമുന്തിരിയും വറുത്ത തേങ്ങയും അതിനുശേഷം അണ്ടിപരിപ്പും ഇട്ടു കൊടുത്തതിനു ശേഷം വീണ്ടും അരമണിക്കൂറോളം മൂടി വെച്ച് വേവിക്കണം. അതിനുശേഷം ഇത് തണുപ്പിച്ചോ ചൂടോടെയോ മുറിച്ച് വിളമ്പാവുന്നതാണ്. സ്വാദിഷ്ടമായ ക്യാരറ്റ് പോള തയ്യാറായിരിക്കുന്നു.

x