ചെറുപയർ കറി ഇങ്ങനെ ഒന്ന് വെച്ച് നോക്കൂ. വളരെ എളുപ്പത്തിൽ സ്വദിഷ്ടമായി ഉണ്ടാക്കാം രുചിയൂറും ചെറുപയർ കറി.

വളരെ ഗുണഗണങ്ങൾ ഉള്ള ഒരു പയറുവർഗം ആണ് ചെറുപയർ. പക്ഷേ ചെറുപയർ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറികൾ ഒന്നും കുട്ടികൾക്ക് ചിലപ്പോൾ ഇഷ്ടം ആകാറില്ല. എന്നാൽ സ്ഥിരമായി വെച്ച് വരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ഉള്ള ചെറുപയർ കറി എങ്ങനെ ആണ് വയ്ക്കുന്നത് എന്ന് നോക്കാം. ഇതിനായി 250 ഗ്രാം ചെറുപയർ ആറ് മുതൽ ഏഴ് മണിക്കൂർ വരെ വെള്ളത്തിൽ ഇട്ട് കുതിർത്തതിനുശേഷം ഒരു കുക്കറിൽ എടുക്കുക.

ഇതിലേക്ക് 250 ഗ്രാം മെഷറിങ് കപ്പിൽ നാല് കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു കറുവപ്പട്ടയുടെ കഷ്ണം, രണ്ട് ഏലക്കാ, നാല് കരയാമ്പൂ, ഒരു തക്കോലം എന്നിവയിടുക. അതിനുശേഷം കുക്കർ അടച്ചു വെച്ച 3 വിസിൽ അടിപ്പിക്കുക. പിന്നെ ഇത് വെന്തു വരുന്നതു വരെ മാറ്റിവെക്കുക. ഇനി മസാലയ്ക്ക് ആവശ്യമായവ എന്തൊക്കെയാണ് എന്ന് നോക്കാം.

അതിനായി 5 വലിയ വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചിയും കുറച്ച് വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. അതുപോലെ തന്നെ രണ്ട് പിടി തേങ്ങ ചിരവിയതും അതിൽ ഒരു ടേബിൾസ്പൂൺ ചെറിയ ജീരകം ചേർത്തതും നന്നായി മിക്സിയിൽ അരച്ചെടുക്കേണ്ടതുണ്ട്. ഇനി അടുപ്പിൽ പാൻ വച്ച് ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഒരു വലിയ സവാള ചെറുതായി കൊത്തിയരിഞ്ഞത് ചേർക്കുക.

കുറച്ച് ഉപ്പ് കൂടി ചേർത്ത് ഇളക്കുക. സവാള ഒന്ന് മൊരിഞ്ഞു ഗോൾഡൻ നിറമായി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇത് നന്നായി ഒന്ന് ഇളക്കി നന്നായി മൊരിച്ചെടുക്കുക. അതിനുശേഷം മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ചേർക്കുക. അതോടൊപ്പം ഒന്നര ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കുക.

രണ്ട് പച്ചമുളകും ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. മസാല പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കണം. അതിനു ശേഷം ഒരു വലിയ തക്കാളി മിക്സിയിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിലാക്കിയത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. തക്കാളിയുടെ പച്ച മണം മാറുന്നതിനായി കുറച്ച് കറിവേപ്പിലയിട്ട് ഒരു 7 മിനിറ്റ് നേരം ചെറിയ തീയിൽ മൂടിവെക്കുക. അതിനുശേഷം വേവിച്ചുവെച്ച ചെറുപയർ ഇതിലേക്ക് ഇടുക.

നന്നായി ഇളക്കിയതിനുശേഷം ജീരകം കൂട്ടി നന്നായി അരച്ച് വച്ച തേങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനു ശേഷം 15 മിനിറ്റ് നേരം ഇത് മൂടി വച്ച് ചെറിയ തീയിൽ തിളപ്പിക്കുക. ഇനി പ്രാതലിന്റെ കൂടെയോ ഊണിന്റെ കൂടെയോ ധൈര്യമായി കൂട്ടികൊള്ളൂ. ഉറപ്പായും ഇഷ്ടപെടും.

x