ഇനി വെറുതെ ഇരിക്കുമ്പോൾ കൊറിക്കാൻ ചിറോട്ടി ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം സ്വദിഷ്ടവും ക്രഞ്ചിയുമായ ചിറോട്ടി.

ബോറടിച്ചിരിക്കുന്ന സമയത്ത് എന്തെങ്കിലും ഒന്ന് കൊറിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കാറില്ലേ. എന്നാൽ ഇതാ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ക്രഞ്ചി ആയുള്ള വിഭവം. ചിറൊട്ടി എന്ന് പേരുള്ള വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. ആദ്യമായി ഒരു ബൗളിൽ ഒരു കപ്പ് മൈദ മാവ് എടുക്കുക. അതിനു ശേഷം ഏകദേശം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക.

ഇതിലേക്ക് ഒന്നേകാൽ ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ വാനില എസ്സെൻസ് ചേർക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് ഇത് നന്നായി കുഴച്ചെടുക്കുക. മാവു കുഴയ്ക്കുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കുന്നു എങ്കിൽ കുറച്ച് ഓയിൽ കൂടെ ഒഴിച്ചതിന് ശേഷം നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക. അതിനുശേഷം ഇത് ഒരു ബൗളിൽ വച്ച് പ്ലാസ്റ്റിക് റാപ്പർ ഉപയോഗിച്ചോ തുണി ഉപയോഗിച്ചോ 20 മിനിറ്റ് നേരം മൂടി വയ്ക്കുക. ഇനി ഒരു ഷുഗർ സിറപ്പ് ഉണ്ടാക്കിയെടുക്കണം.

അതിനായി അടുപ്പിൽ പാൻ വച്ച് അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് രണ്ട് ഏലക്കയും രണ്ട് ഗ്രാമ്പുവും ചേർത്ത ശേഷം നന്നായി തിളപ്പിച്ചെടുക്കുക. അതിനുശേഷം മുക്കാൽ ടീസ്പൂൺ നാരങ്ങാനീര് കൂടി ഇതിൽ ചേർത്തു നന്നായി ഇളക്കി ഇത് തണുക്കാനായി മാറ്റി വെക്കുക.

അതിനുശേഷം നേരത്തെ തയ്യാറാക്കിയ മാവ് എടുത്ത് മീഡിയം വലിപ്പമുള്ള അഞ്ചു ഉരുളകൾ ആക്കി മാറ്റുക. ഇതിനുശേഷം കുറച്ച് കോൺഫ്ലവറിൽ ഉരുളകൾ മുക്കി എടുത്തു തുണി ഉപയോഗിച്ച് 10 മിനിറ്റ് നേരം മൂടി വയ്ക്കുക. ഇനി അഞ്ച് ടേബിൾസ്പൂൺ ഓയിൽ ഒരു ബൗളിൽ എടുത്ത് അതിലേക്ക് നാല് ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ശേഷം ഓരോ ഉരുളയെടുത്ത് നന്നായി കട്ടി കുറച്ച് പരത്തിയെടുക്കുക.

ഇത് ഓരോന്നും കസ്റ്റാർഡ് പൗഡർ മിക്സ് തേച്ചു കൊടുത്തതിനു ശേഷം അതിനു മുകളിലേക്ക് അടുത്ത ഉരുള പരത്തി യത് വെച്ചു കൊടുക്കുക. അങ്ങനെ ഉണ്ടാക്കിയെടുത്ത എല്ലാ ഉരുളകളും പരത്തിയത് വെച്ച് കൊടുത്തതിനുശേഷം ഒരു അറ്റത്തുനിന്നും ചുരുട്ടി എടുക്കുക. അതിനുശേഷം ഇതിന്റെ 2 അറ്റത്തുനിന്നും കുറച്ചുഭാഗം മാറ്റി ബാക്കിയുള്ള ഭാഗം വീതി കുറച്ച് വട്ടത്തിൽ മുറിച്ചെടുക്കുക.

ഇനി ഇത് ഓരോന്നും ചെറുതായൊന്ന് കൈകൊണ്ട് പരത്തി ഓരോന്നായി എണ്ണയിലിട്ട് വറുത്തുകോരുക. ശേഷം ഇതിനു മുകളിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഷുഗർ സിറപ്പ് ഒഴിച്ചു കൊടുക്കുക. നല്ല സ്വീറ്റും ക്രഞ്ചിയുമായ ചിറൊട്ടി തയ്യാറായിരിക്കുന്നു.

x