കടയിൽ ലഭിക്കുന്ന അതേ രുചിയിൽ ലഡ്ഡു ഉണ്ടാക്കാം വീട്ടിൽ തന്നെ. സ്വദിഷ്ടമായ ലഡ്ഡു ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ അധികം ആരും ഉണ്ടാകില്ല. മധുരപലഹാരങ്ങളിൽ എപ്പോഴും പ്രധാന സ്ഥാനം പിടിക്കുന്ന വിഭവങ്ങളിൽ പ്രധാനിയാണ് ലഡു. ബേക്കറികളിൽ നിന്നും മറ്റും നമുക്ക് ലഡു ലഭിക്കുന്നതായിരിക്കും. എങ്കിലും നമുക്ക് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. ബേക്കറിയിൽ നിന്നും ലഭിക്കുന്ന അതേ ടേസ്റ്റിൽ ലഡു എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യമായി ഒരു കപ്പ് കടലമാവ് എടുക്കുക. ഇത് നന്നായി അരിച്ച് വേണം എടുക്കാൻ. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു നുള്ള് ഫുഡ്‌ കളറിംഗ് അല്ലെങ്കിൽ മഞ്ഞൾപ്പൊടിയും ചേർക്കുക. അതിനുശേഷം മുക്കാൽ കപ്പ് വെള്ളം ഇതിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

അതിനുശേഷം അടുപത്ത് പാത്രം വെച്ച് അതിലേക്ക് 200 ഗ്രാം ഡാൽഡ ചേർക്കുക. ഒരിക്കലും എണ്ണ ചേർക്കരുത്. ഡാൽഡ ഒന്ന് ചൂടാകുമ്പോൾ ഇതിലേക്ക് തുളയുള്ള തലയിലൂടെ മിക്സ് ചെയ്ത് വെച്ച് മിശ്രിതം ഒഴിക്കുക. അപ്പോൾ ചെറിയ മണികൾ ആയി ഇത് വീണ് വെന്തു വരും. ഗോൾഡൻ നിറമാകാൻ അനുവദിക്കാതെ ഇത് വറുത്തുകോരുക. ബൂന്തി ഇപ്പോൾ തയ്യാറായിരിക്കുന്നു.

ഇനി അടുപ്പത്ത് പാത്രം വെച്ചതിനു ശേഷം അര കപ്പ് പഞ്ചസാര ഇടുക. ഇതിലേക്ക് അതേ അളവിൽ അരക്കപ്പ് വെള്ളവും ചേർക്കുക. അതിനുശേഷം നാലോ അഞ്ചോ ഏലയ്ക്ക പൊടിച്ചത് ഇതിലേക്ക് ചേർക്കുക. അതിനുശേഷം ഒരു നുള്ള് ഫുഡ് കളറിംഗ് ചേർത്തതിനുശേഷം നന്നായി തിളപ്പിച്ചെടുക്കുക.

ഈ പാനി ചൂടോടെ വേണം ബൂന്തിയിലേക്ക് ചേർക്കാൻ. ബൂന്തിയിലേക്ക് പാനി ചേർക്കുന്നതിനു മുന്നായി ബൂന്തിയുടെ 3/4 ഭാഗം എടുത്തു ചെറുതായൊന്ന് അരച്ചെടുക്കണം. ഒരുപാട് പൊടി ആകാത്തവിധം അരച്ചെടുത്ത ശേഷം ബാക്കിയുള്ള കാൽഭാഗം ബൂന്തിയും ചേർത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ നെയ് ചേർക്കണം. അതിനുശേഷം ചൂടാക്കി വെച്ച പഞ്ചസാരപ്പാനി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇതെല്ലാം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം 10 മിനിറ്റ് നേരം ഇത് അടച്ചു വെക്കണം.

10 മിനിറ്റിനു ശേഷം ഇതെടുത്ത് കൈകൾ ഉപയോഗിച്ച് കടയിൽ ലഭിക്കുന്നതുപോലെ ആവശ്യമെങ്കിൽ ഉണക്കമുന്തിരി വെച്ചതിനുശേഷം ഉരുട്ടി എടുക്കുക. ഒരു ദിവസം ഇത് വിശ്രമിക്കാൻ അനുവദിച്ചാൽ നല്ല കട്ടിയിൽ ഉള്ള ബേക്കറിയിൽ നിന്നും ലഭിക്കുന്ന മധുരമൂറുന്ന ടേസ്റ്റി ലഡു ലഭിക്കുന്നതായിരിക്കും.

x