ഒരു കപ്പ് ചോറ് വെച്ച് വൈകീട്ടത്തെ പലഹാരം തയ്യാറാക്കിയാലോ. വെറും 5 മിനിറ്റ് മതി.

ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. നന്നായി വേവിച്ച ഒരു കപ്പ് ചോറ് മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇവ മിക്സിയിൽ ചെറുതായി ഉടച്ചെടുക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റുക. മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

ഇതിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റിയെടുക്കുക. ഇതേസമയം നേരത്തെ തയ്യാറാക്കി മാറ്റിവച്ചിരുന്ന ചോറിലേക്ക് രണ്ട് ടേബിൾസ്പൂൺ കടലമാവ് ചേർക്കുക. ഇതിലേക്ക് നേരത്തെ വഴറ്റി വച്ചിരിക്കുന്ന സബോളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക.

ഇതിലേക്ക് കാൽടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് കുഴച്ച് എടുക്കുക. അട തയ്യാറാക്കാൻ ആവശ്യമായ വലുപത്തിൽ വാഴ ഇല കീറി വെക്കുക. ഇതിൽ അൽപം വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിൽനിന്നും ചെറിയ ഉരുള എടുത്തുവെച്ച് വട്ടത്തിൽ പരത്തുക.

മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ച് ചൂടാക്കാൻ വയ്ക്കുക. ശേഷം പരത്തി വച്ചിരിക്കുന്ന മാവ് വാഴയിലയിൽ നിന്നും വിടർത്തി പാനിൽ വെച്ച് ഫ്രൈ ചെയ്യുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് മറുവശവും വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചായയുടെ കൂടെ കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x