ഇനി റെസ്റ്റോറന്റിൽ ലഭിക്കുന്ന അതേ രുചിയിൽ ഫിഷ് മസാല ഉണ്ടാക്കാം.

നോൺവെജ് വിഭവങ്ങളിൽ മലയാളികളുടെ മുൻനിരയിലുള്ളത് ഫിഷ് ഐറ്റംസ് തന്നെയായിരിക്കും. ഇന്ന് നമ്മുടെ ഇടയിൽ ധാരാളം ഫിഷ് റെസിപ്പീസ് ഉണ്ടെങ്കിലും,  ഫിഷ് മസാല എന്നത് ഏവർക്കും വളരെ പ്രിയപ്പെട്ട ഒന്നുതന്നെയായിരിക്കും. എന്നാൽ പലർക്കും ഇതിന്റെ റെസിപ്പി കൃത്യമായി അറിയില്ല എന്നതാണ് വസ്തുത. അതിനാൽ,  എങ്ങനെയാണ് ഫിഷ് മസാല ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ആദ്യം നമ്മൾ അരക്കിലോ മീൻ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിനു ശേഷം മീൻ ഫ്രൈ ചെയ്യാനായിട്ടുള്ള മസാല തയ്യാറാക്കി എടുക്കണം. ഇതിനായി ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ മുളകുപൊടി,  അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി,  കാൽ ടീസ്പൂൺ കുരുമുളകുപൊടി,  ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്,  ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്,  തുടങ്ങിയവയും അല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിനു ശേഷം ഈ മസാല കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീനിൽ പുരട്ടിയെടുക്കുക.

നല്ലതുപോലെ പുരട്ടിയതിനുശേഷം അരമണിക്കൂർ ഈ മീൻ മാറ്റിവയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് ഈ മീൻ അധികം മൊരിയാതെ ഫ്രൈ ചെയ്ത് എടുക്കേണ്ടതാണ്. ഇതിനു ശേഷം മറ്റൊരു പാനിൽ അൽപം വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഉള്ളി, അല്പം ഗ്രാമ്പൂ,  ഏലക്ക,  കറുവപ്പട്ട,  ഒരു ടേബിൾസ്പൂൺ പച്ചമല്ലി,  രണ്ട് ടേബിൾസ്പൂൺ പൊട്ടുകടല, ഒരു ടേബിൾ സ്പൂൺ കശുവണ്ടി, ഒരു ടീസ്പൂൺ ചെറു ജീരകം, ഒരു ടീസ്പൂൺ പെരുംജീരകം,  തേങ്ങ ചിരകിയത് അര കപ്പ്, തുടങ്ങിയവ ചേർത്ത് 5 മിനിറ്റ്  വഴറ്റുക. ഇതിനു ശേഷം ഇത് ചൂടാറാൻ വെക്കുക. അതുകഴിഞ്ഞ് ഈ വഴറ്റിയെടുത്തത് എല്ലാം കൂടി മിക്സിയിൽ ഇട്ട് അൽപം വെള്ളം ചേർത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കുക.

ഇനി മറ്റൊരു പാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്,  രണ്ട് പച്ചമുളക്,  അരക്കപ്പ് അരച്ചെടുത്ത തക്കാളി പേസ്റ്റ് തുടങ്ങിയവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. ഇതിനുശേഷം ഇതിലേക്ക് അല്പം മുളകുപൊടി,  അരടീസ്പൂൺ മഞ്ഞൾപ്പൊടി തുടങ്ങിയവ ചേർത്ത് വഴറ്റിയെടുക്കുക. നല്ലപോലെ വഴറ്റിയതിനു ശേഷം ഇതിലേക്ക് ആദ്യം അരച്ചുവെച്ച മസാലയും,  അല്പം വെള്ളവും ചേർക്കുക. ഇതിനു ശേഷം ഇത് ചെറുതീയിൽ ചൂടാക്കുക. തിളച്ചു വന്നതിനുശേഷം ഇതിലേക്ക് ഫ്രൈ ചെയ്തു  വെച്ചിരുന്ന മീൻ ചേർക്കുക. മീനിൽ മസാല ശരിയായി പിടിക്കാൻ ശ്രദ്ധിക്കണം.

തുടർന്ന് രണ്ട് മിനിറ്റ് ചെറുതീയിൽ ഇത് വേവിക്കുക. ഈ സമയം ഇതിലേക്ക് ഒരു ചെറിയ ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ഇതു കഴിഞ്ഞ് ഇതിലേക്ക് പാകത്തിന് വെള്ളം ചേർക്കുക. തിളച്ചതിനുശേഷം ഇതിലേക്ക് അൽപം ഖരം മസാല, പുതിനയില എന്നിവ ചേർത്ത് രണ്ട് മിനിറ്റ് വേവിക്കുക. ഇതിനു ശേഷം ഇത്  മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കാവുന്നതാണ്.

x