റെസ്റ്റോറന്റ് രുചിയിൽ ഇനി വീട്ടിലുണ്ടാക്കാം സ്വദിഷ്ടമായ ഫിഷ് ചുക്ക.

മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ഉള്ളവയാണ്. ഇന്ന് നാടൻ രീതിയിൽ ഫിഷ് ചുക്ക എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഏതുതരം മത്സ്യം ഉപയോഗിച്ചും ഫിഷ് ചുക്ക ഉണ്ടാക്കാവുന്നതാണ്. ഇവിടെ കിങ് ഫിഷ് ആണ് എടുത്തിരിക്കുന്നത്.

ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയായി വെച്ചതിനു ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നന്നായി പുരട്ടി വെക്കുക. അതിനുശേഷം ഇത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. അതിനായി അടുപ്പത്ത് പാൻ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക.

വെളിച്ചെണ്ണ ഒന്ന് ചൂടായി വന്നതിനുശേഷം മഞ്ഞൾ പൊടിയും മുളക് പൊടിയും പുരട്ടി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ എടുത്ത് പകുതി മൊരിച്ചെടുക്കുക. ഇതിന് നന്നായി ഫ്രൈ ചെയ്ത് എടുക്കേണ്ട ആവശ്യമില്ല. മീൻ ഫ്രൈ ചെയ്തതിനുശേഷം ഇത് മാറ്റി വയ്ക്കുക. ഇനി ഫിഷ് ചുക്ക ഉണ്ടാക്കുന്നതിനായി ഒരു മൺചട്ടി എടുത്തു അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് മീൻ ഫ്രൈ ചെയ്യാൻ ഉപയോഗിച്ച വെളിച്ചെണ്ണ ഒഴിക്കുക.

ഇനി ഇതിലേക്ക് 1/4 ടീസ്പൂൺ ഉലുവ പൊടി ചേർക്കുക. അതിനുശേഷം 5 പച്ചമുളക്, 3 അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. 4 വലിയ സവാള ചെറുതായി കൊത്തിയരിഞ്ഞത് ഇതിലേക്ക് ചേർക്കുക. അതിനുശേഷം ഇത് നന്നായി വഴറ്റിയെടുക്കണം. നന്നായി വഴറ്റിയ ശേഷം ഒരു വലിയ പഴുത്ത തക്കാളി നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചത് ഇതിലേക്ക് ചേർക്കുക.

അതിനു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾസ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ കുരുമുളകുപൊടി എന്നിവ ഇതിലേക്ക് ചേർക്കുക. അതിനു ശേഷം രണ്ട് കുടംപുളി വെള്ളത്തിൽ ഇട്ട് വെച്ചത് ഇതിലേക്ക് ചേർക്കുക. ശേഷം അര കപ്പ്‌ വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തതിനുശേഷം നന്നായി ഇളക്കുക. അതിനുശേഷം വറുത്ത് വെച്ചിരിക്കുന്ന മീൻ കഷ്ണം ഇതിൽ ചേർക്കുക.

കുറച്ച് കറിവേപ്പില ഇട്ടതിനുശേഷം 5 മിനിറ്റ് മൂടി വെക്കുക. ഇടയ്ക്ക് പാത്രം വന്ന് ചുറ്റിച്ച് കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അടിയിൽ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുറച്ചുനേരം കൂടി ലോ ഫ്ലെയിമിൽ മൂടി വെച്ചതിനുശേഷം വിളമ്പി ഉപയോഗിക്കാവുന്നതാണ്. സ്വാദിഷ്ടമായ ഫിഷ് ചുക്ക തയ്യാറായിരിക്കുന്നു.

x