റവ പത്തിരി തയ്യാറാക്കിയാലോ. വളരെ എളുപ്പം

വെറും പത്തു മിനിറ്റിനുള്ളിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന റവ പത്തിരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഏത് കറി ഉപയോഗിച്ചു വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്. റവ പത്തിരി എങ്ങനെ ഉണ്ടാക്കാം എന്നും ഇതിലേക്ക് ആവശ്യമായ ചേരുവകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ചേർക്കുക.

വറുത്ത റവയും വറുക്കാത്ത റവയും ഏതും ചേർക്കാവുന്നതാണ്. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം 6 ചുവന്നുള്ളിയും ഒരു ടീസ്പൂൺ ചെറിയ ജീരകവും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് റവയിലേക്ക് മുക്കാൽ കപ്പ് വെള്ളം എന്ന രീതിയിലാണ് അളവ്. അരച്ചെടുത്ത ഈ മാവ് മറ്റൊരു ബൗളിലേക്ക് ചേർക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ഇഡലി മാവിന്റെ കട്ടിയിലാണ് മാവ് തയ്യാറാക്കേണ്ടത്. ഒരു കുഴിയുള്ള ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു തവി മാവ് ഒഴിക്കുക.

വളരെ എളുപ്പം തന്നെ മാവ് പൊന്തി വരുന്നത് കാണാൻ സാധിക്കും. ശേഷം കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വളരെയധികം നേരം എണ്ണയിലിട്ട് വറുക്കേണ്ടതില്ല. പൊടി വഴറ്റി കുഴയ്ക്കാതെ തന്നെ വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന പത്തിരിയാണ് ഇത്.

Credits : she book

x