കേരളീയരായ മലയാളികൾക്ക് സദ്യയ്ക്ക് രസമില്ലെങ്കിൽ എന്തു രുചി. നാം എപ്പോഴും ഉണ്ടാക്കുന്നത് തക്കാളിയുടെ രസമാണല്ലോ. എന്നാൽ ഇന്ന് വ്യത്യസ്തമായ ഒരു രസം പരിചയപ്പെടാം. പൈനാപ്പിൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഈ രസം എങ്ങനെ തയ്യാറാക്കിയെടുക്കാമെന്നും ഇതിനായി എന്തൊക്കെ ചേരുവകൾ വേണമെന്നും നോക്കാം.
പൈനാപ്പിൾ – 1/2 കപ്പ് ,തക്കാളി – 2 എണ്ണം, കടുക് – 1/2 ടീസ്പൂൺ, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 5 എണ്ണം, കായ് മുളക് – 4 എണ്ണം, കറിവേപ്പില, പുളി – ഒരു നെല്ലിക്ക വലുപ്പം, ഉലുവപ്പൊടി – 1/4 ടീസ്പൂൺ, കായം – 1/4 ടീസ്പൂൺ, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, വെള്ളം – 1 കപ്പ്, കുരുമുളക് – 2 ടീസ്പൂൺ, മഞ്ഞൾപൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, മല്ലി ഇല.
ആദ്യം തന്നെ ഒരു ബൗളിൽ പുളിയിട്ട് കുറച്ച് വെള്ളം ഒഴിച്ചു വയ്ക്കുക. ശേഷം ഒരു മൺചട്ടിയെടുത്ത് ഗ്യാസിൽ വയ്ക്കുക. ഇനി ഗ്യാസ് ഓണാക്കി അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിൽ കടുകിടുക. കടുക് പൊട്ടി വരുമ്പോൾ അതിൽ കായ് മുളകിടുക. ശേഷം ഇഞ്ചി,വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില എന്നിവ ചതച്ചതിനു ശേഷം ഇതിൽ ചേർക്കുക. നല്ല രീതിയിൽ വഴറ്റിയെടുക്കുക.
ശേഷം തക്കാളി അരിഞ്ഞത് ചേർക്കുക. പിന്നീട് കാൽകപ്പ് പൈനാപ്പിൾ ചെറുതായി മുറിച്ച് ചേർക്കുക. അതിൽ പാകത്തിന് ഉപ്പ് ചേർക്കുക. ശേഷം കാൽ കപ്പ് പൈനാപ്പിൾ മിക്സിയിലിട്ട് അരച്ചെടുത്ത് അതും കൂടി ചേർക്കുക. ഇനി മിക്സാക്കുക. ശേഷം നല്ല രീതിയിൽ വഴറ്റുക. മൂടി വച്ച് ലോ ഫ്ലെയ്മിൽ വേവിക്കുക. പുളിവെള്ളം പിഴിഞ്ഞ് ഒഴിക്കുക. ശേഷം ഒരു കപ്പ് വെള്ളം ഒഴിക്കുക.
ഇനി മഞ്ഞൾപൊടിയും, കാശ്മീരിമുളകുപൊടിയും ചേർത്ത് മിക്സാക്കുക. ശേഷം കായപ്പൊടിയും, ജീരകപ്പൊടിയും, ഉലുവാപ്പൊടിയും ചേർക്കുക. ശേഷം തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ലോ ഫ്ലെയ്മിൽ വയ്ക്കുക. മൂടിവച്ച് ഒരു 10 മിനുട്ട് വേവിക്കുക. ശേഷം രുചിനോക്കുക. പിന്നീട് മല്ലിയില മുറിച്ച് ചേർക്കുക. ഇറക്കി വയ്ക്കുക. ശേഷം സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ രുചികരമായ പൈനാപ്പിൾ രസം റെഡി. രസം ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഈ രസം ഇഷ്ടപ്പെടും. ഒരു പ്രാവശ്യം ഇതുപോലെ ഒരു ട്രൈ ചെയ്തു നോക്കൂ.