ഉഴുന്ന് വട പോലത്തെ വിഭവം പഴം ഉപയോഗിച്ച് തയ്യാറാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും.

വെറും 10 മിനിറ്റിനുള്ളിൽ തന്നെ 3 ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന പലഹാരം. ഈ പലഹാരം ഉണ്ടാക്കുവാൻ ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതേസമയം രണ്ട് നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി ഒരു ബൗളിലേക്ക് ചേർക്കുക.

ഇതിലേക്ക് നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. ഏകദേശം മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയാണ് ചേർക്കേണ്ടത്. ശേഷം ഒരു തവി ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കുക. ഉടച്ചെടുത്ത പഴത്തിലേക്ക് മൂന്ന് ഏലക്കായ് ചതച്ചിടുക. ഇതോടൊപ്പം ഒരു നുള്ള് ഉപ്പ് മധുരം ബാലൻസ് ചെയ്യുവാനായി ചേർക്കുക.

ഇവ നന്നായി ഇളക്കി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒന്നര കപ്പ് മൈദ പൊടി ചേർക്കുക. ശേഷം ഇവ കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് കുഴയ്ക്കുക. മാവിന് ആവശ്യത്തിന് കട്ടി ഉണ്ടാകണം. വേണമെങ്കിൽ അൽപം വെള്ളം ചേർത്ത് കുഴയ്ക്കാവുന്നതാണ്. കുഴച്ചെടുത്ത മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക.

ഇതിന് ഉഴുന്നുവടയുടെ രൂപത്തിൽ ഓട്ട ഇട്ടതിനുശേഷം തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഒരു വശം നന്നായി മൊരിയുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിച്ച് എടുക്കുക. വളരെ എളുപ്പം പഴം ഉപയോഗിച്ച് ഉഴുന്നുവട തയ്യാറായിരിക്കുകയാണ് ഇവിടെ.

Credits : Ladies planet by ramshi

x