പാനിപൂരി വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. വളരെ എളുപ്പം തയ്യാറാക്കാം.

പാനി പൂരിയുടെ പൂരി ഉണ്ടാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ ചേർക്കുക. ഇതിലേക്ക് കാൽ കപ്പ് മൈദ ചേർക്കുക. ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം ഇവ നന്നായി കുഴച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. ഒരു നനഞ്ഞ തുണി ഉപയോഗിച്ച് ഇവ മൂടി ഇരുപത് മിനിറ്റോളം അങ്ങനെ വയ്ക്കുക.

പാനി പൂരിയുടെ പാനി ഉണ്ടാക്കുന്നതിനായി, ഒരു മിക്സിയുടെ ജാറിലേക്ക് ഒരുപിടി പുതിയനില, കുറച്ച് മല്ലിയില, രണ്ട് പച്ച മുളക്, ചെറിയ ഇഞ്ചി, അര ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളവും ചേർത്ത് വീണ്ടും അരച്ചെടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് ഒഴിച്ചശേഷം ഇതിലേക്ക് 2 കപ്പ് വെള്ളം ചേർക്കുക, ആവശ്യത്തിന് ഉപ്പ്, ഉണങ്ങിയ ഇഞ്ചി പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ചാറ്റ് മസാല ഒരു ടേബിൾസ്പൂൺ, മുക്കാൽ കപ്പ് വാളൻപുളിയുടെ വെള്ളം എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കിയെക്കുക. പാനി റെഡി ആയിരിക്കുകയാണ്.

മറ്റൊരു ബൗളിലേക്ക് മൂന്ന് ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞത്, ഒരു സബോള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ വറ്റൽ മുളക് പൊട്ടിച്ചത്, ഒരു ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ചാറ്റ് മസാല, ജീരഗം പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക. മസാല റെഡി ആയിരിക്കുകയാണ്.

നേരത്തെ കുഴച്ചു വെച്ചിരുന്ന മൈദ പരത്തിയെടുക്കുക. പരത്താൻ പറ്റാവുന്ന അത്രയും കട്ടി കുറച്ച് പരത്താവുന്നതാണ്. പരത്തി വെച്ചവയിൽ നിന്നും ഒരു ഗ്ലാസ്‌ ഉപയോഗിച്ച് ചെറിയ വൃത്താകൃതിയിൽ ഓരോ കഷണങ്ങൾ മുറിച്ചെടുക്കുക. ഒരു പാനിൽ എണ്ണ തിളപ്പിച്ച് അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മൈദ ഇട്ടു കൊടുത്ത് വറുത്തെടുക്കുക. നന്നായി മൊരിയുമ്പോൾ ഇവ പൊന്തി വരുന്നത് കാണാൻ സാധിക്കും. ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി, നേരത്തെ തയ്യാറാക്കി വച്ചിരുന്ന പാനിയും മസാലയും എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.

Credits : Bon Appetit Shorts