മിക്ക വീടുകളിലും ബ്രേക്ക്ഫാസ്റ്റിനു ദോശ ഉണ്ടാകാറുണ്ട്. പലതരത്തിലുള്ള ദോശകളും നമ്മൾ കഴിച്ചിട്ടുണ്ട്. പ്രധാനമായും ഗോതമ്പ്, അരി തുടങ്ങിയവ ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കാറ്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ തരത്തിലുള്ള ഒരു ദോശയാണ് പരിചയപ്പെടുത്തുന്നത്. അതും ആരോഗ്യത്തിന് വളരെ ഉപകാരപ്രദമായ ഒരു ഭക്ഷണ രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വളരെ ടേസ്റ്റിയും ഹെൽത്തിയുമായ “ഓട്സ് ദോശ” എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഓട്സ് എടുക്കുക. അടുപ്പിൽ പാൻ വച്ച് ചൂടാക്കിയതിനുശേഷം ഓട്സ് ഇട്ട് അഞ്ചു മിനിറ്റ് നേരം മീഡിയം ഫ്ലെയിമിൽ വറുത്തെടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഓട്സ് മാറ്റി നന്നായി പൊടിച്ചെടുക്കുക.
ഇതൊരു ബൗളിലേക്ക് മാറ്റുക. ശേഷം അതിലേയ്ക്ക് അരക്കപ്പ് അരിപ്പൊടി, അരക്കപ്പ് റവ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക. ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്യുക. സാധാരണ ദോശമാവ് കലക്കുന്ന കൺസിസ്റ്റൻസിയിൽ ഈ മാവ് തയ്യാറാക്കി എടുക്കാവുന്നതാണ്.
അതിനു ശേഷം അടുപ്പിൽ ദോശക്കല്ല് വച്ചു ചൂടാക്കി അതിലേക്ക് അല്പം നെയ്യ് ഒഴിച്ച ശേഷം മാവ് കോരിയൊഴിച്ച് ദോശ ചുട്ടെടുക്കുക. ഇതിനു മുകളിലായി അല്പം നെയ്യ് പുരട്ടുന്നത് വളരെ നന്നായിരിക്കും. ഒരു സൈഡ് വെന്തുവരുമ്പോൾ മറു സൈഡ് വേവാനായി മറിച്ചിട്ട് കൊടുക്കുക. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഓട്സ് ദോശ ഇപ്പോൾ ഇവിടെ തയ്യാറായിരിക്കുന്നു.