വെറൈറ്റി ആയിട്ടൊരു ബിരിയാണി ഉണ്ടാക്കാം. വളരെ സ്വാദിഷ്ടമായ ഓംലറ്റ് ബിരിയാണി.

ബിരിയാണികൾ എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ബിരിയാണി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ സ്വാദിഷ്ടമായ ‘ ഓംലെറ്റ് ബിരിയാണി ‘വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അടുപ്പിൽ പാൻ വച്ച് ചൂടാക്കി അല്പം ഓയിൽ ഒഴിച്ച ശേഷം അതിലേക്ക് മുട്ട ഓംലറ്റ് ഉണ്ടാക്കിയെടുക്കുക.

ഓംലറ്റ് തയ്യാറായ ശേഷം ഇത് നീളത്തിൽ മുറിച്ച് വെക്കുക. ഇനി ബിരിയാണിക്ക് ആവശ്യമായ മസാല തയ്യാറാക്കാം. ഇതിനായി അടുപ്പിലേക്ക് ഒരു പാൻ വെച്ച് അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ് ചേർക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ഓയിലും ചേർത്ത് ചൂടായതിനു ശേഷം ഇതിലേക്ക് ഒരു കഷണം കറുവപ്പട്ട, രണ്ട് ബേയ് ലീവ്സ്, നാല് ഗ്രാമ്പു, മൂന്ന് ഏലക്ക, കാൽ ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്തിളക്കുക.

അതിനുശേഷം ഇതിലേക്ക് 2 വലിയ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി ഇളക്കി അടച്ചു വയ്ക്കുക. നന്നായി വഴന്നുവരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. ഇതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക.

അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. അതിനുശേഷം ഇതിലേക്ക് രണ്ടു വലിയ തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് ഇളക്കിയശേഷം മൂടിവെച്ച് വേവിക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത ശേഷം നേരത്തെ തയ്യാറാക്കിവെച്ച ഓംലൈറ്റ് കൊടുക്കുക.

നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് കഴുകി വാരി കുതിർത്തു വെച്ച ഒരു കപ്പ് ജീരകശാല റൈസ് എടുക്കുക. ഇത് പാനിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 2 കപ്പ് ചൂടുവെള്ളം ഒഴിക്കുക. രണ്ട് ടേബിൾസ്പൂൺ മല്ലിയിലയും ചേർത്ത് ശേഷം ഇത് അടച്ചു വച്ച് വേവിക്കുക.

വെള്ളം വറ്റുന്നതുവരെ അടച്ചുവെച്ച് ഇടയ്ക്ക് ഇളക്കി കൊടുത്ത് വേവിക്കണം. അതിനുശേഷം ഇത് 10 മിനിറ്റ് കൂടി അടച്ചു വച്ചതിനുശേഷം വിളമ്പാവുന്നതാണ്. ടേസ്റ്റിയായ ഓംലെറ്റ് ബിരിയാണി തയ്യാറായിരിക്കുന്നു.

x