ഇനി മട്ടൻ ബിരിയാണി കഴിക്കാൻ എന്തിനു റെസ്റ്റോറന്റിൽ പോകണം? വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ.

ബിരിയാണി ഇഷ്ടമില്ലാത്തവർ കുറവാണ്. ഇന്ന് വളരെ വ്യത്യസ്ത തരത്തിലുള്ള ഒരുപാട് സ്പെഷ്യൽ ബിരിയാണികൾ ലഭ്യമാണ്. ഇന്ന് മട്ടൻ ഉപയോഗിച്ചുകൊണ്ടുള്ള വളരെ സ്പെഷ്യലായി എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ബിരിയാണിയുടെ റസിപ്പി ആണ് പരിചയപ്പെടുത്തുന്നത്.

നമ്മുടെ വീടുകളിൽ മട്ടൻ വാങ്ങുകയാണെങ്കിൽ തീർച്ചയായും ട്രൈ ചെയ്ത് നോക്കേണ്ട ഒരു വിഭവമാണിത്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിന് ആദ്യമായി അരി വേവിച്ചെടുക്കണം. അതിനായി നാല് കപ്പ് ബിരിയാണി അരി കഴുകി വാരി 10 മിനിറ്റ് നേരം കുതിരാൻ വെച്ച് അതിലെ വെള്ളം വെള്ളം ഊറ്റി കളഞ്ഞു വെക്കുക.

ഇനി ഒരു പാത്രം അടുപ്പിൽവെച്ച് മൂന്ന് ടീ സ്പൂൺ നെയ്യും മൂന്ന് ടീ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ചശേഷം ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് 3 ഏലക്ക, 3 ഗ്രാമ്പൂ ഒരു വലിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ഇതിലേക്ക് വെള്ളം ഒഴിക്കണം. 4 കപ്പ് അരിക്ക് ഏഴര കപ്പ് വെള്ളം എന്ന കണക്കിൽ ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് നാരങ്ങാനീര് പിഴിഞ്ഞു കൊടുക്കുക.

ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത ശേഷം ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കുക. ഇനി ഇത് തിളച്ചുവരുമ്പോൾ മൂടി വെച്ച് വേവിക്കണം. ഹൈ ഫ്ലെയിമിൽ വെച്ച് വേവിക്കണം. അരിയിലെ വെള്ളം എല്ലാം വറ്റി ഒരു മുക്കാൽ വേവ് ആകുമ്പോൾ മാറ്റി വയ്ക്കുക.

ഇനി മസാല തയ്യാറാക്കുന്നത് എങ്ങനെ നോക്കാം
അതിനുമുൻപ് കഴുകി വൃത്തിയാക്കി വെച്ച് മട്ടൻ മഞ്ഞൾപ്പൊടിയും മല്ലിപൊടിയും മുളകുപൊടിയും ഉപ്പും പുരട്ടിയ ശേഷം കുക്കറിൽ മൂന്ന് വിസിൽ അടിച്ച് വേവിച്ച് വെക്കണം. ഇനി കുക്കറിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച ശേഷം അതിലേക്ക് ഗ്രാമ്പു, ഏലയ്ക്ക എന്നിവ മൂന്ന് വീതം അതോടൊപ്പം ഒരു കഷണം കറുവപ്പട്ട എന്നിവ ചേർക്കുക.

ഇതിലേക്ക് മൂന്നു വലിയ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള നന്നായി വഴറ്റിയശേഷം അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരച്ചത് രണ്ട് ടേബിൾ സ്പൂൺ ചേർക്കുക. പിന്നെ ഇതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കണം. അതിനു ശേഷം മൂന്ന് തക്കാളി ചെറുതായി അരിഞ്ഞതും ഇട്ടു കൊടുത്ത് ഉടച്ചെടുക്കുക.

അതിനുശേഷം എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുത്തു ഇവയുടെ പച്ചമണം മാറുന്നതുവരെ ഇളക്കുക. അതിനുശേഷം വേവിച്ചുവെച്ച മട്ടൻ ഇതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് വെന്തുവരുമ്പോൾ ഇതിലേക്ക് അല്പം മല്ലിയിലയും പുതിനയിലയും ചേർക്കുക.

ഇനി ഇതിലേക്ക് വേവിച്ചു വെച്ച അരി ചേർക്കാവുന്നതാണ്. ലെയറായി ഇടുന്നതും നല്ലതാണ്. ഇതിനു മുകളിലായി വറുത്തു വച്ച സവാളയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർക്കാം. ഇനി ഇത് കുക്കറിനെ വിസിൽ ഇടാതെ തന്നെ അടച്ചു വെച്ച് ഒരു പാൻ നന്നായി ചൂടാക്കി അതിലേക്ക് ഈ കുക്കർ ഇറക്കിവെച്ച് വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ മട്ടൻ ബിരിയാണി തയ്യാർ

x