സാധാരണ ഗോതമ്പുദോശ യേക്കാൾ വളരെ രുചിയുള്ള മസാല ഗോതമ്പ് ദോശ ഉണ്ടാക്കാൻ പഠിച്ചാലോ. ഇതിന് ആവശ്യമായ ചേരുവകളും എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു.
ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് ഗോതമ്പ് പൊടി ചേർക്കുക. അരക്കപ്പ് ഗോതമ്പുപൊടിക്ക് ഒരു വലിയ തക്കാളി എട്ടു കഷ്ണങ്ങളായി മുറിച്ചത് ഇതിലേക്ക് ഇടുക.
ഒരു സബോള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. എരുവിന് വേണ്ടി ഒരു പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക. കൂടുതൽ എരിവ് വേണ്ടവർക്ക് അതിനനുസരിച്ച് പച്ചമുളകിന്റെ എണ്ണം കൂട്ടാവുന്നതാണ്. ഇതിലേക്ക് ഒരു ഇഞ്ചി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം.
മേൽപ്പറഞ്ഞ ചേരുവകൾക്ക് ഏകദേശം അര കപ്പ് വെള്ളമാണ് എടുത്തിരിക്കുന്നത്. അരച്ചെടുത്ത ഈ കൂട്ട് മറ്റൊരു ബൗളിലേക്ക് മാറ്റുക. നിങ്ങളുടെ ആവശ്യാനുസരണം ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പാൻ ചൂടായതിനുശേഷം ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് എടുത്ത് ദോശ പരത്തുക. ദോശ പരത്തിയതിന് ശേഷം, മുകളിലായി ഓയിലോ , നെയ്യോ തേച്ച് കൊടുക്കുക.
ഒരു വശം നന്നായി മൊരിഞ്ഞതിനുശേഷം ദോശ തിരിച്ചിട്ട് മറുവശവും മൊരിയിച്ചെടുക്കാം. സാധാരണ രീതിയിൽ വീട്ടിൽ തയ്യാറാക്കുന്ന ഗോതമ്പുദോശയേക്കാൾ വളരെ വ്യത്യസ്തമായി മസാല ഗോതമ്പ് ദോശ വളരെ രുചിയുള്ളവയാണ്. വെറും 5 മിനിറ്റിനുള്ളിൽ തന്നെ ഈ ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്.
Credits: Remyas Food Corner