മസാല ചപ്പാത്തി കഴിച്ചിട്ടുണ്ടോ? ഒന്ന് കഴിച്ചു നോക്കൂ. അടിപൊളി ഡിഷ്‌ ആണ്.

ബ്രേക്ഫാസ്റ്റിനും ഡിന്നറിനും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭവം പരിചയപ്പെടാം. വളരേ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ മസാല ചപ്പാത്തി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് കുറച്ചു ഓയിൽ ഒഴിച്ച് ചൂടാക്കിയശേഷം അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഇനിയിതു നന്നായി വഴറ്റുക. അതിനോടൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്തിളക്കുക. ഇതിന്റെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് 2 വലിയ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുത്തത് കഴുകി വാരി ഇതിലേക്ക് ഇടുക. ശേഷം പൊടികൾ ചേർക്കാവുന്നതാണ്. അതിനായി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ചേർക്കുക.

മുളകുപൊടി നമ്മുടെ എരുവിന് അനുസരിച്ച് കൂട്ടിയും കുറച്ചും കൊടുക്കാവുന്നതാണ്. അതിനു ശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. ഇനി പൊടികളുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് കുറച്ച് മല്ലിയില അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യുക. ഇനി ഇത് ചൂടാറാൻ ആയി ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇനി ഇതിലേക്ക് ഗോതമ്പു പൊടി ചേർത്ത് കൊടുക്കണം. ഒന്നര കപ്പ് ഗോതമ്പു പൊടി ആണ് ചേർക്കുന്നത്. ഇനി ഇത് നന്നായി കുഴച്ചെടുക്കണം. കയ്യിൽ ഒട്ടിപ്പിടിക്കാത്ത രീതിയിൽ കുഴക്കാനായി അല്പം വെള്ളം കൂടി ചേർത്ത് കുഴയ്ക്കുക. നന്നായി കുഴച്ചെടുത്ത ശേഷം മീഡിയം വലുപ്പമുള്ള ഉരുളകളാക്കി മാറ്റുക. ഇനി ഇത് ഒരു കൗണ്ടർ ടോപ്പിലോ ചപ്പാത്തി പലകയിലോ അല്പം പൊടി വിതറി ചപ്പാത്തി പരത്തിയെടുക്കുന്നത് പോലെ അരച്ചെടുക്കണം.

കുറച്ചു കനത്തിൽ വേണം പരത്തിയെടുക്കാൻ. ഇനി ഇവ ഓരോന്നും ചുട്ടെടുക്കണം. അതിനായി അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കി കുറച്ചു ഓയിൽ ഒഴിച്ചതിനുശേഷം അതിലേക്ക് പരത്തി എടുത്ത ഓരോ ചപ്പാത്തിയും ഇട്ടുകൊടുക്കുക. ഇതിന്റെ മുകളിലും ഓയിൽ പുരട്ടിയശേഷം മറിച്ചിട്ട് വേവിക്കുക. രണ്ടു സൈഡും നന്നായി ചുട്ടെടുക്കണം.

ഇപ്പോൾ സ്വാദിഷ്ടമായ മസാല ചപ്പാത്തി തയ്യാറായിരിക്കുന്നു. കറികളൊന്നും കൂടാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭവം ആണിത്.

x