സാധാരണ കഴിക്കുന്ന ചപ്പാത്തിയേക്കാൾ കൂടുതൽ സ്വാത് നൽകുന്ന മസാല ചപ്പാത്തി. വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ഒരു ബൗളിൽ രണ്ട് കപ്പ് ഗോതമ്പു പൊടി ഇടുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. കുറച്ചുകൂടി സോഫ്റ്റായി ഇരിക്കുവാനായി ഇതിന്റെ മുകളിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് മാറ്റി വെക്കുക.

ഒരു പാനിലേക്ക് കുറച്ച് എണ്ണ പുരട്ടിയതിനുശേഷം എണ്ണ ചൂടാക്കി എടുക്കുക. എണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞത്, നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർക്കുക. ഇതിലേക്ക് ഒരു ടിസ്സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വിളയിച്ചെടുക്കുക.

ഗോൾഡൻ കളർ ആവുന്ന സമയത്ത് ഇതിലേക്ക് കാൽ ടിസ്സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വീണ്ടും ഇളക്കുക. ഇട്ടിരിക്കുന്ന പൊടിയുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് രണ്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ചേർത്ത് കൊടുക്കുക. ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് പരത്തിയെടുക്കുക.

പരത്തിയ ചപ്പാത്തിയുടെ നടു വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല കൂട്ട് ചേർത്ത് എല്ലാ വശവും മസാല മൂടുന്ന രീതിയിൽ ചേർത്ത് ഒട്ടിക്കുക. മസാല വെച്ച് പൊതിഞ്ഞ ചപ്പാത്തി ഒരുവട്ടം കൂടിയും ഗോതമ്പുപൊടിയിൽ മുക്കി വീണ്ടും ചെറുതായി പരത്തിയെടുക്കുക. മസാല പുറത്തു പോകാതെ ശ്രദ്ധിക്കണം.

ഒരു പാനിൽ അല്പം വെളിച്ചെണ്ണ പുരട്ടി ചൂടാക്കാൻ വയ്ക്കുക. വെളിച്ചെണ്ണ ചൂടായിരുന്നു ശേഷം നേരത്തെ മാറ്റി വച്ചിരിക്കുന്ന മസാല ചേർത്ത ചപ്പാത്തി ചൂടാക്കി എടുക്കുക. ഇരു വശവും നന്നായി മൊരിയുന്ന രീതിയിൽ ചൂടാക്കണം. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചു കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x