ലിവർ റോസ്റ്റ് ഷാപ്പിൽ കിട്ടുന്ന രുചിയിൽ വീട്ടിൽ തയ്യാറാക്കാം.

നോൺവെജ് വിഭവങ്ങൾ നാം പല രീതിയിൽ കഴിക്കാറുണ്ട്. ചിക്കൻ ഉണ്ടാക്കുമ്പോൾ അതിൻ്റെ കൂടെ തന്നെയാണ് ലിവർ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് വ്യത്യസ്തമായി ചിക്കൻ ലിവർ മാത്രം രുചികരമായി തയ്യാറാക്കിയെടുക്കാം. ചിക്കൻ്റെ മാത്രമല്ല ഇതേ പോലെ മട്ടൻ ലിവറും, ബീഫ് ലിവറുമൊക്കെ ഉണ്ടാക്കാം.

ഈ ചിക്കൻ ലിവർ തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ലിവർ – 500ഗ്രാം, ഉള്ളി – 2 എണ്ണം, പച്ചമുളക് – 4 എണ്ണം, ഇഞ്ചി – ഒരു ചെറിയ കഷണം, വെളുത്തുള്ളി – 8 എണ്ണം, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, മഞ്ഞൾപൊടി – 1/2 ടീസ്പൂൺ, മുളക്പൊടി- 3 ടീസ്പൂൺ, മല്ലിപ്പൊടി – 2 ടീസ്പൂൺ, കുരുമുളക് പൊടി – 2 ടേബിൾ സ്പൂൺ, മല്ലി ചപ്പ്, കറിവേപ്പില, കടുക് – 1/2 ടീസ്പൂൺ, പെരുംജീരകം- 1/2 ടീസ്പൂൺ, ഉപ്പ് – പാകത്തിന്. തുടങ്ങിയ ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കാം.

ആദ്യം ലിവർ വൃത്തിയാക്കിയെടുത്ത് കഴുകുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. കടുക് ചേർത്ത് പൊട്ടിക്കുക. പിന്നീട് പെരുംജീരകം ചേർക്കുക. ശേഷം നേരിയതായി അരിഞ്ഞ ഉള്ളിയും, കറിവേപ്പിലയും ചേർത്ത് വഴറ്റുക. കുറച്ച് ഉപ്പ് ചേർക്കുക.

ഇനി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പേസ്റ്റാക്കി ചേർക്കുക. നല്ല രീതിയിൽ വഴറ്റിയെടുക്കുക. പിന്നീട് അതിൽ മസാലകളായ മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപൊടി, 1 ടേബിൾസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർക്കുക. നല്ല രീതിയിൽ വഴറ്റിയെടുക്കുക.

ഇനി നമ്മൾ കഴുകി വച്ച ചിക്കൻ ലിവർ ചേർത്ത് മിക്സാക്കുക. കുറച്ച് വെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കുക. ശേഷം തുറന്നു നോക്കി പാകത്തിന് ഉപ്പ് ചേർത്ത് ലോ ഫ്ലെയ്മിൽ മൂടിവയ്ക്കുക. ശേഷം മിക്സാക്കി കുറച്ച് മല്ലി ചേർത്ത് ഇറക്കിവയ്ക്കുക. അങ്ങനെ നമ്മുടെ സൂപ്പർ ടേസ്റ്റിലുള്ള ലിവർ റോസ്റ്റ് റെഡി.

x