വ്യത്യസ്തമായ കൊത്ത് പൊറോട്ട തയ്യാറാക്കാം.

രണ്ടു പൊറോട്ട ചെറിയ കഷ്ണങ്ങളാക്കി ഒരു മിക്സിയിൽ ഇടുക. ശേഷം ഇത് ചെറുതായി പൊടിച്ച് എടുക്കുക. ഒരുപാട് പൊടിയാൻ പാടില്ല. ഒരു പാനിൽ അൽപം വെളിച്ചെണ്ണ ചൂടാക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കേണ്ടതാണ്.

ഇതിലേക്ക് ഒരു തക്കാളിയും അരിഞ്ഞു ചേർത്ത് ഇളക്കുക. തക്കാളി ചെറുതായി സോഫ്റ്റായി വരുമ്പോൾ അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് ഇളക്കുക. ഇട്ടിരിക്കുന്ന ഇഞ്ചിയുടെയും പച്ചമുളകിന്റെയും വെളുത്തുള്ളിയുടെയും പച്ചമണം പോകുന്നത് വരെ ഇളക്കണം.

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അരടീസ്പൂൺ ചിക്കൻ മസാല അര ടീസ്പൂൺ കശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ചേർത്തിരിക്കുന്ന പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് രണ്ടു കോഴിമുട്ട ഒരുവശത്ത് പൊട്ടിച്ച് ഒഴിക്കുക. കോഴിമുട്ടയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് പൊടിയും ചേർത്ത് നേരത്തെ തയ്യാറാക്കിയ മസാലയും ചേർത്ത് മിക്സ് ചെയ്യുക.

കോഴിമുട്ട നന്നായി വെന്ത് വരുമ്പോൾ ഇതിലേക്ക് നേരത്തെ പൊടിച്ച് വെച്ച പൊറോട്ട ചേർക്കുക. ഇതോടൊപ്പം ഒരു നാരങ്ങയുടെ പകുതിയുടെ നീര് ചേർക്കുക. ശേഷം ഇവയെല്ലാം മിക്സ് ചെയ്ത് രണ്ട് മിനിറ്റ് മൂടി വച്ച് വേവിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇളക്കുക. ശേഷം തീ കെടുത്തി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Ladies planet by ramshi

x