ബാക്കിവരുന്ന ചപ്പാത്തി ഇങ്ങനെ ചെയ്തു നോക്കൂ. നിമിഷനേരംകൊണ്ട് കാലിയാകും. ഇതിനായി 8 ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ ഇടുക. ശേഷം ഇവ ചെറുതായി പൊടിച്ചെടുക്കുക. വളരെ പൊടിയാക്കാൻ പാടില്ല. മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക്, ഒരു സബോള പൊടിയായി അരിഞ്ഞു ചേർക്കുക.
ഇതോടൊപ്പം 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കുക. സബോള വേഗം വഴന്ന് വരുന്നതിനായി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. സവാളയുടെ നിറം ചെറുതായി മാറുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ശേഷം ഇതിലേക്ക് രണ്ട് തക്കാളി അരച്ച് ചേർത്ത് ഇളക്കുക.
തീ ചുരുക്കി വെച്ച് അല്പസമയം ഇളക്കുക. തക്കാളിയുടെ വെള്ളം മുഴുവനായി വറ്റുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, കാൽടീസ്പൂൺ ബിരിയാണി മസാല, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ഇട്ടിരിക്കുന്ന പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക.
ഇതോടൊപ്പം ആവശ്യമായ ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചെറിയ കഷണങ്ങളാക്കി എല്ല് ഇല്ലാതെ ചേർക്കുക. ശേഷം ഇവ നന്നായി ഇളക്കി നേരത്തെ പൊടിയാക്കി വെച്ചിരുന്ന ചപ്പാത്തിയും, മൂന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർത്തിളക്കുക. ശേഷം തീ ചരുക്കി അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. ശേഷം ആവശ്യത്തിന് മല്ലിയില ഇട്ട് ഇളക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.
Credits : ladies planet by ramshi