മലയാളികൾ എല്ലാവരും ഒരുപോലെ തന്നെ ഇഷ്ട്ടപെടുന്ന കറികളിൽ ഒന്നുതന്നെയാണ് മുട്ടക്കറി. അപ്പം, പാലപ്പം, ചപ്പാത്തി എന്നീ വിഭവങ്ങൾക്ക് മുട്ടക്കറിയേക്കാൾ നല്ലൊരു കോമ്പിനേഷൻ വേറെ കാണില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വളരെ സ്വാദിഷ്ടമായ മുട്ട കറി എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്കിവിടെ ചർച്ച ചെയ്യാം.
മുട്ടക്കറി ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ നന്നായി പുഴുങ്ങിയ ശേഷം തോട് കളഞ്ഞ് വെച്ചിട്ടുള്ള 5 മുട്ട നടുവേ കീറി മാറ്റിവെക്കുക. മുട്ട പുഴുങ്ങാൻ വെക്കുമ്പോൾ ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുന്നത് മുട്ടയുടെ തോട് എളുപ്പത്തിൽ പൊളിച്ചുകളയാൻ സഹായിക്കുന്നതാണ്. അടുത്തതായി ഒരു നോൺസ്റ്റിക് പാൻ ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്തു കൊടുക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ ഇതിലേക്ക് ഒരു ഇഞ്ച് നീളമുള്ള ഇഞ്ചി നന്നായി ചതച്ച ശേഷം ചേർത്തുകൊടുക്കുക. അതുകൂടാതെ എരിവ് ലഭിക്കുന്നതിനായി നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് കുറച്ചുനേരം നന്നായി ഇളക്കിയശേഷം 3 മീഡിയം വലിപ്പമുള്ള സബോള ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക.
സബോള ഇട്ട് കഴിഞ്ഞ ശേഷം ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കുക. സബോള ഗോൾഡൻ കളർ ആകുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് ചേർക്കുക. തക്കാളി നല്ല രീതിയിൽ വെന്തതിന് ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. മസാലകളുടെ പച്ചമണം മാറുന്നതുവരെ ഇങ്ങനെ നന്നായി ഇളക്കി കൊടുക്കേണ്ടതാണ്.
ഒരു മിനിറ്റ് നേരം നല്ലരീതിയിൽ ഇളക്കി കൊടുത്തശേഷം ഇതിലേക്ക് ഒരു കപ്പ് ചൂടുവെള്ളം ചേർത്ത് കൊടുക്കുക. ചൂടുവെള്ളം ചേർത്ത് ശേഷം നല്ലരീതിയിൽ തിളച്ചുവരുമ്പോൾ ഒരു കപ്പ് തേങ്ങാപ്പാൽ കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. തേങ്ങാപ്പാൽ ചേർക്കുമ്പോൾ തന്നെ തീ ലോഫ്ലെയിമിൽ ഇട്ടശേഷം ഒരു മിനിറ്റ് നേരത്തേക്ക് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. തേങ്ങാപ്പാൽ തിളക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ തീ ഓഫ് ചെയ്ത് വെക്കേണ്ടതാണ്.
അതിനുശേഷം ഇതിലേക്ക് പുഴുങ്ങി വെച്ച മുട്ട ഇട്ടു കൊടുത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ഏകദേശം 10 മിനിറ്റ് നേരമെങ്കിലും മുട്ടയിൽ മസാല പിടിക്കുന്നതിന് വേണ്ടി മാറ്റിവെക്കുക. അതിന് ശേഷം ഭക്ഷണത്തോടൊപ്പം വിളമ്പാവുന്നതാണ്.