കണവ ഉപയോഗിച്ച് അടിപൊളി തോരൻ ഉണ്ടാക്കിയാലോ? അതും വളരേ എളുപ്പത്തിലും രുചിയിലും. ഇങ്ങനെ ചെയ്തു നോക്കൂ !!

കണവ മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒരു മത്സ്യമാണ്. ഇന്ന് കണവ ഉപയോഗിച്ചുള്ള വളരെ വെറൈറ്റി ആയ ഒരു വിഭവമാണ് പരിചയപ്പെടുത്തുന്നത്. കണവ ഉപയോഗിച്ചുള്ള തോരൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടാം. ഇതിനായി ഒരു പാത്രത്തിലേക്ക് 250ഗ്രാം കണവ കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചെടുക്കുക.

ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, അതോടൊപ്പം ഒരു ചെറിയ കഷണം വാളംപുളി ഒരു ബൗളിലേക്ക് ഇട്ട് കാൽക്കപ്പ് വെള്ളമൊഴിച്ച് പിഴിഞ്ഞെടുത്ത വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനു ശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് ഇത് അടച്ചു വച്ച് വേവിക്കണം. അഞ്ചു മുതൽ ഏഴ് മിനിറ്റ് നേരം വേവിച്ച് എടുത്താൽ മതി.

ഈ സമയം രണ്ട് പച്ചമുളക്, രണ്ട് കഷണം ഇഞ്ചി നാല് വലിയ വെളുത്തുള്ളിയല്ലി എന്നിവ ചതച്ചെടുക്കുക. ശേഷം അടുപ്പിൽ ഒരു ചട്ടി വെച്ച് ചൂടാക്കിയശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ കടുക് പൊട്ടിച്ച ശേഷം അര ടീസ്പൂൺ ഉലുവ കൂടി ചേർക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് കൊടുക്കുക.

ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കുക.അതിനു ശേഷം ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ഒരു കപ്പ് ചേർത്ത് കൊടുക്കുക. ഉള്ളി ഒന്ന് വാടി വരുന്നതുവരെ ഇളക്കിയശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു പൊടിയുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, പെരുഞ്ചീരകം പൊടിച്ചത്, കുരുമുളകുപൊടി എന്നിവ അര ടീസ്പൂൺ വീതം ചേർത്ത് കൊടുക്കുക.

പൊടികളുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരവിയത് ചേർക്കുക. ഇനി ഇതിലേക്ക് തയ്യാറാക്കി വെച്ച കണവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം 5 മിനിറ്റ് നേരം കൂടി അടച്ച് വെച്ച് വേവിക്കുക. ഇപ്പോൾ നമ്മുടെ കണവത്തോരൻ തയ്യാറായിരിക്കുന്നു.

x