കല്ലുമ്മക്കായ് നിറച്ചത് കഴിച്ചിട്ടുണ്ടോ, എങ്കിൽ റെഡിയാക്കിക്കോളൂ

ഇന്ന് നമുക്ക് സ്പെഷൽ സ്നാക്സ് ഉണ്ടാക്കി നോക്കാം. കല്ലുമ്മക്കായ് നിറച്ചത്. എല്ലായ്പ്പോഴും കിട്ടുന്ന ഒരു സാധനമല്ല കല്ലുമ്മക്കായ. അതു കൊണ്ട് കിട്ടുമ്പോൾ ഒന്ന് ട്രൈ ചെയ്തു നോക്കാം. അതിന് അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. വേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

കല്ലുമ്മക്കായ – 1 കിലോ, പുഴുക്കലരി – 4 കപ്പ്, തേങ്ങ – 1/2 ,പെരുംജീരകം – 11/2 ടീസ്പൂൺ, ജീരകം – 1/2 ടീസ്പൂൺ, ഉള്ളി – 1, കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ,ഉപ്പ് , എണ്ണ, വെള്ളം.

ആദ്യം അരി 5 മണിക്കൂറെങ്കിലും കുതിരാൻ വയ്ക്കുക. പിന്നെ കല്ലുമ്മക്കായ  വൃത്തിയായി കഴുകി എടുക്കുക. പ്രത്യേകിച്ച് അതിൻ്റെ ഉള്ളിലുള്ളതൊക്കെ ക്ലീനാക്കി തോടും ക്ലീനാക്കണം. ശേഷം അതിൻ്റെ വെളളം വാർന്നു വരാൻ ഒരു അരിപ്പയിൽ ഇട്ടു വയ്ക്കുക. പിന്നെ കുതിർത്തു വച്ച അരിയെടുത്ത് കഴുകി മിക്സിയുടെ ജാറിലിടുക. അതിൽ തേങ്ങയും ഉള്ളിയും പെരുംജീരകവും ജീരകവും ഇടുക. ശേഷം അരക്കുക.വെള്ളം ഒഴിക്കാതെ കട്ടിയിൽ അരക്കുക.അധികം സോഫ്റ്റ് ആവേണ്ട. പിന്നെ ഒരു ബൗളിൽ മാറ്റിയിടുക. ശേഷം കല്ലുമ്മക്കായ എടുത്ത് അതിൻ്റെ ഉള്ളിൽ നമ്മൾ അരച്ചു വച്ച അരി ചേർക്കുക.                       

പിന്നീട് ഒരു ഇഡ്ഡിലി പാത്രത്തിൽ വെള്ളം ഒഴിച്ച് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ ആവി വയ്ക്കുന്ന പാത്രം വച്ച് ഓരോ കല്ലുമ്മക്കായയും ഇട്ട് അര മണിക്കൂർ ലോ ഫ്ലെയ്മിൽ വേവിക്കുക. അര മണിക്കൂർ കഴിഞ്ഞ് ഓഫാക്കുക. ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക. പിന്നീട് ഒരു ബൗളിൽ കാശ്മീരിമുളക് പൊടി, മഞ്ഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് കുറച്ച് ഉപ്പ് ചേർത്ത് കുഴച്ച് വെള്ളം ഒഴിച്ച് മിക്സാക്കുക. ശേഷം നമ്മൾ തയ്യാറാക്കിയ കല്ലുമ്മക്കായ നിറച്ചതിൻ്റെ തോട് എടുത്ത് മാറ്റി അത് മസാല മിക്സിൽ കുഴച്ചു വയ്ക്കുക. ശേഷം ഒരു പാനെടുത്ത്  ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ എണ്ണ ഒഴിക്കുക. പിന്നെ ഓരോന്നായി ഫ്രൈ ചെയ്തെടുക്കുക. നല്ല സൂപ്പർ മലബാർ സ്പെഷൽ കല്ലുമ്മക്കായ് നിറച്ചത് റെഡി.