നാളികേരം അരക്കാതെ തന്നെ സ്വദിഷ്ടമായ കടല കറി ഉണ്ടാക്കാം.

നമ്മളെല്ലാവരും കടലക്കറി കഴിച്ചിട്ടുണ്ട്. വളരെ സ്വാദുള്ള കടലക്കറി ഉണ്ടെങ്കിൽ ചോറിന് അതു മാത്രം മതിയാകും. എന്നാൽ തേങ്ങ വറുത്ത് അരക്കാതെ വളരെ രുചികരമായ ഒരു കടലക്കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു കപ്പ് കടല ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ഇനി ഇത് കുക്കറിൽ ഇട്ട് വേവിക്കണം. ഇതിനായി കുതിർത്തുവച്ച കടല കുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ചു ഒന്നര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് രണ്ടോ മൂന്നോ വിസിൽ അടിച്ചെടുക്കുക. ഇനി ഇത് മാറ്റിവയ്ക്കുക.

ഇനി ഇതിലേക്കു ആവശ്യമായ മസാല തയ്യാറാക്കാം. ഇതിനായി അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് ആവശ്യത്തിനു ഓയിൽ ഒഴിക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. കടുക് പൊട്ടി തുടങ്ങുന്ന സമയത്ത് ഇതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ഇട്ടു കൊടുക്കുക. അതിനോട് കൂടെ ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിനുള്ള പൊടികൾ ചേർക്കാം. അതിനായി അരടീസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. അതിനുശേഷം 2 തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

കറിവേപ്പിലയും ഇടുക. തക്കാളി വെന്ത് വരുമ്പോൾ ഇതിലേക്ക് വേവിച്ചു വച്ച കടല ചേർക്കുക. വേവിച്ചു വെച്ച കടലയിൽ നിന്നും നാല് ടേബിൾ സ്പൂൺ കടല മാറ്റിവെച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. കടല മസാലയിലേക്ക് ചേർത്തശേഷം കടല അരച്ചെടുത്ത പേസ്റ്റും ഇതിലേക്ക് ചേർത്ത് ഇളക്കുക.

ആവശ്യത്തിന് വെള്ളം കൂടി ചേർത്ത ശേഷം ഇതൊന്നു തിളച്ചുവരുമ്പോൾ ഇതിലേക്ക് ഒരു ടീ സ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക. ഇനി ഇത് അടച്ചു വച്ച് വേവിക്കണം. ഇപ്പോൾ സ്വാദിഷ്ടമായ കടലക്കറി തയ്യാറായിരിക്കുന്നു.