നിങ്ങൾ ഫ്രൈഡ് റൈസ് കഴിച്ചിട്ടില്ലേ. ഫൈഡ്റൈസ് കഴിച്ചവർക്ക് എല്ലാം അത് ഇഷ്ടമായിരിക്കും. എന്നാൽ റസ്റ്റോറന്റുകളിൽ മാത്രമല്ല നമുക്ക് നമ്മുടെ വീടുകളിലും ഈ ഫ്രൈഡ് റൈസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും.
വളരെ ടേസ്റ്റിയായ ഫൈഡ്റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ബസുമതി റൈസ് ആണ് എടുക്കേണ്ടത്. ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് ബസുമതി റൈസ് നന്നായി കഴുകി വാരി എടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് ഏറെ വെള്ളമൊഴിച്ച് കുതിരാൻ വെക്കണം. അടുപ്പിൽ ഒരു വലിപ്പമുള്ള പാൻ വച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക.
അതിനു ശേഷം 8 ഏലയ്ക്ക, 7 കരയാമ്പൂ, രണ്ടു കരയാമ്പൂ ഇല എന്നിവ ചേർത്ത് ഒരു മിനിറ്റ് നേരം നന്നായി ഇളക്കുക. അതിനുശേഷം ഇതിലേക്ക് അര മണിക്കൂർ നേരം കുതിർത്ത അരി വെള്ളമൊക്കെ ഊറ്റി കളഞ്ഞ ശേഷം ഇതിലേക്ക് ഇട്ട് കൊടുക്കുക. ഇത് രണ്ട് മിനിറ്റ് നന്നായി ഇളക്കിയതിനുശേഷം ഇതിലേക്ക് നന്നായി തിളച്ചു കിടക്കുന്ന വെള്ളം ഒഴിച്ചു കൊടുക്കുക. അരി മുങ്ങിക്കിടക്കുന്ന അത്രയും വെള്ളം ആവശ്യമാണ്.
അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം ഇത് 10 മിനിറ്റ് നേരം വേവിച്ചെടുക്കുക. ഒരു 95% വേവിച്ചശേഷം റൈസ് അരിച്ച് മാറ്റിവെക്കുക. അതിനു ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിന്റെ പച്ചമണം ഒന്ന് മാറിയതിനുശേഷം ഇതിലേക്ക് രണ്ട് ക്യാരറ്റ് നീളത്തിലരിഞ്ഞതും പത്തോ പന്ത്രണ്ടോ ബീൻസ് നീളത്തിൽ അരിഞ്ഞതും ചേർത്തു കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇതൊന്നു വാടി വരുന്നതുവരെ നന്നായി ഇളക്കിയതിനുശേഷം ഇത് മാറ്റി വയ്ക്കുക. അതിനുശേഷം വീണ്ടും പാൻ വെച്ച് കുറച്ച് ഓയിൽ ഒഴിച്ചതിനു ശേഷം അതിലേക്ക് രണ്ട് മീഡിയം വലുപ്പമുള്ള സവാള നീളത്തിൽ അരിഞ്ഞത് വറുത്ത് കോരണം. ശേഷം ഒരു പാൻ വെച്ച് അതിലേക്ക് വേവിച്ചുവെച്ച അരിയും വേവിച്ചുവെച്ച പച്ചക്കറിയും വറുത്തുവെച്ച സവാളയും മൂന്ന് ലയറുകൾ ആയി നിറയ്ക്കുക.
പൈനാപ്പിൾ അരിഞ്ഞത് ഇതിലേക്ക് ചേർക്കുന്നതും ഇതിന്റെ സ്വാദ് കൂട്ടുന്നതാണ്. ഇതെല്ലാം നിറച്ചതിനുശേഷം മൂടി വെച്ച് ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിനുമുകളിലായി ഈ പാത്രം വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ടമായ നാടൻ ഫ്രൈഡ് റൈസ് തയ്യാർ.