ഗ്രീൻ ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കിയാലോ ? ഇതാ ഒരു വെറൈറ്റി രുചിക്കൂട്ട് !

ചിക്കൻ കറി നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതാണല്ലോ. കറി മാത്രമല്ല ചിക്കൻ വെച്ചുണ്ടാക്കുന്ന എല്ലാം നമുക്ക് അത്രയും പ്രിയമാണ്. എന്നും ഒരേ ചിക്കൻ കറിയും ചിക്കൻ ഫ്രൈ യുമെല്ലാം ഉണ്ടാക്കുന്നതിന് പകരം വ്യത്യസ്തമായ ചിക്കൻ വിഭവങ്ങൾ ഒന്നു ട്രൈ ചെയ്താലോ.. അത്തരം ഒരു വെറൈറ്റി വിഭവമാകട്ടെ ഇന്ന്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഗ്രീൻ ചിക്കൻ അഥവാ ഹരിയാലി ചിക്കൻ ആണ്.

ഇതുണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
ചിക്കൻ 1 kg, സൺ ഫ്ലവർ ഓയിൽ ആവശ്യത്തിന്, ഉപ്പ്‌ ആവശ്യത്തിന്, സവാള 2 വലിയത്, പച്ചമുളക് 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2 ടീസ്പൂൺ, ഗരം മസാല 1 ടീസ്പൂൺ, മല്ലിപ്പൊടി 1 ടേബിൾ സ്പൂണ്, ഏലക്കായ, കറുവപ്പട്ട, പെരുംജീരകം, ജാതിപത്രി, കുരുമുളക്പൊടി 1 ടീസ്പൂൺ, ക്രീം ഒരു ടേബിൾ സ്പൂണ്, അണ്ടിപ്പരിപ്പ് ഒരു 15 എണ്ണം, മല്ലിയില, പുതിനയില ഒരു പിടി, തൈര് 2 ടേബിൾ സ്പൂൺ.

ഇനി നമുക്ക് ഗ്രീൻ ചിക്കൻ ഉണ്ടാക്കി തുടങ്ങാം. അതിനായി ആദ്യം ഒരു പാൻ വെച്ചു സൺഫ്ലവർ ഓയിൽ ഒഴിച്ചതിനു ശേഷം 2 ഏലക്കായ 2 കഷ്ണം കറുവാപ്പട്ട അര ടീസ്പൂൺ പെരുംജീരകം ജാതിപത്രി ഒരു കഷ്ണം എന്നിവ ഇട്ടു പൊട്ടിച്ചതിനു ശേഷം സവാള ഇട്ടു വഴറ്റുക. സവാള നന്നായി വഴന്നു വരുമ്പോൾ എടുത്തു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചതച്ചതുംകൂടി ഇട്ടു നന്നായി പച്ചമണം മാറും വരെ വഴറ്റുക.

ഇനി ഇതിലേക്ക് മല്ലിപൊടിയും ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ചിക്കൻ ഇടുക. ചിക്കൻ ഒരു രണ്ടു മിനുറ്റ് നന്നായി വഴറ്റിയത്തിനു ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മല്ലിയില പുതിനയില അണ്ടിപ്പരിപ്പ് തൈര് ഇട്ടു ആവശ്യത്തിനു ഉപ്പും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ചിക്കൻ വേകാനായി അടച്ചു വെയ്ക്കുക.

ഒരു ഇരുപത് മിനുറ്റ് കഴിയുമ്പോഴേക്കും ചിക്കൻ വെന്തിട്ടുണ്ടാകും ഇനി ഇതിലേക്ക് അല്പം ക്രീം കൂടി ചേർത്ത് അടച്ചു വയ്ക്കുക. ഗ്രീൻ ചിക്കൻ റെഡി.