മുന്തിരി വൈൻ വളരെ എളുപ്പം തയ്യാറാക്കാം. ഈ ക്രിസ്മസിന് ഇതു മതി.

വൈൻ വളരെയെളുപ്പം വീട്ടിൽ തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവുകളും എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. കറുത്ത മുന്തിരി 500 ഗ്രാം ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് മുന്തിരി മുങ്ങിക്കിടക്കുന്ന രീതിയിൽ ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഇതോടൊപ്പം ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. ശേഷം ഇവ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.

കഴുകി വൃത്തിയാക്കി എടുത്ത മുന്തിരി മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് മുക്കാൽ ലിറ്റർ വെള്ളം ഒഴിക്കുക. ഇതോടൊപ്പം രണ്ട് ഏലക്കായ, ഒരു കഷ്ണം പട്ട, ചെറിയ കഷ്ണം ജാതിക്ക എന്നിവയും ചേർക്കുക. ഇവയെല്ലാം നന്നായി മിക്സ് ചെയ്തു മീഡിയം തീയിൽ 10 മിനിറ്റ് വേവിക്കുക. ഇവ നന്നായി തിളച്ചുവരുമ്പോൾ ഇതിലേക്ക് 300 ഗ്രാം പഞ്ചസാര ചേർക്കുക. ഇതോടൊപ്പം ഇട്ടിരിക്കുന്ന മുന്തിരി ഒരു ടീ സ്പൂൺ ഉപയോഗിച്ച് ഉടയ്ക്കുക. 10 മിനിറ്റിനു ശേഷം തീ കെടുത്തി ചൂടാറാൻ വയ്ക്കുക.

ചൂടാറുമ്പോൾ ഇതിലേക്ക് അര ടിസ്സ്പൂൺ ഈസ്റ്റും രണ്ട് ടേബിൾസ്പൂൺ ഗോതമ്പും ചേർത്ത് ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ഒരു ചില്ലു കുപ്പി എടുക്കുക. ഇതിന്റെ പകുതി ഭാഗം വരെ തയ്യാറാക്കിയ മിക്സ് ചേർക്കുക. ശേഷം വായു കയറാത്ത രീതിയിൽ മുറുക്കി അടയ്ക്കുക. കുപ്പിയുടെ മുകൾ വശത്തായി ഒരു കോട്ടൺ തുണി ഇടാവുന്നതാണ്. ഇത് 24 മണിക്കൂർ വെളിച്ചം തട്ടാതെ മാറ്റിവെക്കുക.

24 മണിക്കൂറിനുശേഷം ഒരു സ്റ്റീൽ പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് കുപ്പിയിൽ നിന്നും മിശ്രിതം ഒഴിക്കുക. ശേഷം മറ്റൊരു കുപ്പിയിലേക്ക് അരിച്ചെടുത്ത മിശ്രിതം മാറ്റാവുന്നതാണ്. കുപ്പിയുടെ പകുതിഭാഗം വരെ മാത്രമേ ഒഴിക്കാൻ പാടുള്ളൂ. ശേഷം 48 മണിക്കൂർ കുപ്പി ടൈറ്റായി അടച്ച് വെളിച്ചം തട്ടാതെ മാറ്റിവെക്കുക. 48 മണിക്കൂറിനു ശേഷം ആവശ്യാനുസരണം വൈൻ ആയി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വൈൻ റെസിപ്പിയാണിത്.

Credits : Sruthis Kitchen

x