ഗോതമ്പ് നൂൽപ്പുട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയാലോ.

അരിപ്പൊടി വെച്ച് നൂൽ പുട്ട്, ഇടിയപ്പം എന്നിവ തയ്യാറാക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം വ്യക്തികളും. എന്നാൽ ഗോതമ്പു പൊടി ഉപയോഗിച്ച് ഇത്തരത്തിലൊരു പലഹാരം ഉണ്ടാക്കി നോക്കിയവരുടെ എണ്ണം വളരെ കുറവാണ്. ഗോതമ്പു പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്നും, ഇതിലേക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്നും കീഴെ നൽകിയിരിക്കുന്നു.

ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ഒന്നര കപ്പ് ഗോതമ്പു പൊടി ഇട്ട് നന്നായി റോസ്‌റ് ചെയ്ത് എടുക്കുക. മറ്റൊരു പാത്രത്തിൽ അൽപം വെള്ളം തിളപ്പിക്കാൻ വെക്കുക. ഗോതമ്പു പൊടിയുടെ അതേ അളവിലാണ് വെള്ളം തിളപ്പിക്കാൻ വയ്ക്കേണ്ടത്. വറുത്ത് വച്ചിരിക്കുന്ന ഗോതമ്പുപൊടി മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

നേരത്തെ തിളപ്പിച്ച വെള്ളം നന്നായി തിളച്ചു കഴിഞ്ഞാൽ ഗോതമ്പുപൊടിയിലേക്ക് കുറേശേ ഈ വെള്ളം ചേർക്കാവുന്നതാണ്. കൈ ഉപയോഗിച്ച് മിക്സ് ചെയ്യുന്നതിന് പകരം ടീസ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്യുക. ഗോതമ്പുപൊടിയിൽ ഒഴിച്ച വെള്ളത്തിന്റെ ചൂട് ചെറുതായി ആറുമ്പോൾ കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക.

സാധാരണ ചപ്പാത്തി മാവിന്റെ കട്ടിയേക്കാൾ ലേശം കുറഞ്ഞ കട്ടിയിലാണ് ഈ മാവ് കുഴയ്ക്കേണ്ടത്. കുഴച്ചെടുത്ത ഈ മാവ് നൂലപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കുറ്റിയിൽ നിറച്ച് നൂലപ്പത്തിന് മാവ് ചുറ്റിക്കുന്ന പോലെ ഇഡലി തട്ടിൽ ചുറ്റിക്കുക. ശേഷം 10 മിനിറ്റ് ആവി കേറ്റി അടച്ച് വെച്ച് വേവിക്കുക. വേവിച്ചെടുത്ത ഈ ഗോതമ്പ് നൂലപ്പം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറു ചൂടിൽ കഴിക്കാവുന്നതാണ്.

ഉമ്മച്ചിന്റെ അടുക്കള by shereena

x