വളരെ എളുപ്പത്തിൽ തയ്യാറാക്കാം സ്വദിഷ്ടമായ ചിക്കൻ ഗാർലിക് ബ്രെഡ്‌.

രാവിലെയും വൈകുന്നേരവും ചായയുടെ കൂടെ കഴിക്കാൻ സാധിക്കുന്ന ഒരു അടിപൊളി സ്നാക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ സ്വാദിഷ്ടമായ ചിക്കൻ ഗാർലിക് ബ്രഡ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു ബൗളിൽ രണ്ട് കപ്പ് മൈദ മാവ് എടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർക്കുക.

അതിനുശേഷം ഒരു ബൗളിൽ കോഴിമുട്ട നന്നായി ബീറ്റ് ചെയ്ത് എടുത്തതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനു ശേഷം രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം ഇതിലേക്ക് അര കപ്പ് ഇളം ചൂടുള്ള പാൽ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. മിക്സ്‌ ചെയ്യുന്ന സമയത്ത് കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ കുറച്ച് ഓയിൽ കൂടി ചേർത്ത് നല്ല സോഫ്റ്റ് ആക്കി എടുക്കുക. അതിനുശേഷം ഒരു ബൗളിൽ അല്പം ഓയിൽ പുരട്ടി അതിനു ശേഷം ഈ മാവ് അതിലേക്ക് വച്ച് മാവിന്റെ മുകളിലും കുറച്ച് ഓയിൽ പുരട്ടിയതിനുശേഷം പ്ലാസ്റ്റിക് റാപ്പർ കൊണ്ടോ നനഞ്ഞ തുണികൊണ്ടോ മൂടി വെക്കുക.

ഒന്നര മണിക്കൂറിന് ശേഷം ഇത് ഒന്ന് പൊങ്ങി വരുന്നതായിരിക്കും. ഈ സമയം ഇതിന് ആവശ്യമായ ഫില്ലിങ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി കാൽ കിലോ എല്ല് ഇല്ലാത്ത ചിക്കൻ നന്നായി വൃത്തിയായി കഴുകിയെടുക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർക്കുക.

ഒന്നര ടീസ്പൂൺ മുളകുപൊടിയും ചേർത്ത ശേഷം 2 ടീസ്പൂൺ കട്ട തൈരും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഒരു നാരങ്ങയുടെ പകുതി മുറിച്ച നേരം ഇതിലേക്ക് ചേർക്കുക. ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തതിനുശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക. ഒരു പതിനഞ്ച് മിനിറ്റിന് ശേഷം അടുപ്പിൽ പാൻ വച്ച് കുറച്ചു എണ്ണ ഒഴിച്ച് ചിക്കൻ പീസുകൾ നന്നായി ഫ്രൈ ചെയ്തെടുക്കുക.

ഇത് തണുത്തതിനുശേഷം കൈകൊണ്ട് ചെറിയ കഷ്ണങ്ങൾ ആക്കി ഇടുക. ശേഷം പാനിൽ 1 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഇട്ട് കൊടുക്കുക. ഇനി ഇത് നന്നായി ഇളക്കിയതിനു ശേഷം ഇതിലേക്ക് മീഡിയം വലുപ്പമുള്ള ഒരു സവാളയുടെ പകുതി ഇട്ടുകൊടുക്കുക. ശേഷം കാൽ കപ്പ് തക്കാളി ചെറുതായി അരിഞ്ഞതും കാൽക്കപ്പ് ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഉപ്പ് ചേർത്ത് പകുതി വേവിച്ചെടുക്കുക. ശേഷം അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ഇതിലേക്ക് ചേർക്കുക. ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത ശേഷം ഇവയെല്ലാം നന്നായി ചേർത്തിളക്കുക.

ഇനി മസാലകളുടെ പച്ചമണം മാറിയതിനുശേഷം രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർക്കുക. ഇനി ഒരു നന്നായെന്ന് ഇളക്കിയതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ചിക്കൻ ചേർത്തതിനു ശേഷം നന്നായി ഇളക്കുക. നല്ല ടേസ്റ്റ് ആയ ഫില്ലിംഗ് തയ്യാറായിരിക്കുന്നു. ഇനി നേരത്തെ പൊങ്ങാനായി വെച്ച മാവ് എടുത്ത് രണ്ട് ഉരുളകളാക്കി വെക്കുക. അതിൽ ഒരെണ്ണം കനത്തിൽ പരത്തി കുഴിവുള്ള ഒരു പാത്രത്തിനുള്ളിൽ നന്നായി ബട്ടർ തേച്ചതിനുശേഷം അതിലേക്ക് ഇറക്കിവെക്കുക. ഇതിനു മുകളിലും അല്പം ബട്ടർ തേച്ചതിനുശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ഫില്ലിങ് ഇതിനു മുകളിൽ ആയി വെക്കുക.

അതിനു ശേഷം അടുത്ത ഉരുളയും ഇതുപോലെ പരത്തി മുകളിൽ വെക്കണം. ഇതിനിടയിൽ ചീസ് വയ്ക്കുന്നതും നല്ലതാണ്. ശേഷം മുകളിൽ ചെറുതായി കത്തികൊണ്ട് വരയുക. അതിനുശേഷം ഒരു മുട്ട നന്നായി ബീറ്റ് ചെയ്തത് ഇതിനു മുകളിൽ പുരട്ടി കൊടുക്കുക. അതിന് ശേഷം രണ്ട് ടേബിൾസ്പൂൺ ബട്ടറും അതിലേക്ക് കുറച്ച് മല്ലിയിലയും കുറച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ഇതും ഇതിനു മുകളിലായി പുരട്ടി കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഇത് ഇറക്കിവെച്ച് ഒരു 40 മിനിറ്റ് വരെ നന്നായി ബേക്ക് ചെയ്തെടുക്കാവുന്നതാണ്. സ്വാദിഷ്ടമായ ചിക്കൻ ഗാർലിക് ബ്രെഡ് തയ്യാറായിരിക്കുന്നു.

x