ഹോട്ടലുകളിലെയും റസ്റ്റോറന്റുകളികെയും ഫിഷ് വിഭവങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വളരെ രുചികരമായ ഒരു വിഭവമാണ് ഫിഷ് മോളി. വളരെയധികം ആളുകളുടെ പ്രിയപ്പെട്ട ഒരു വിഭവം കൂടിയാണ് ഫിഷ് മോളി. എന്നാൽ പലർക്കും ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് അറിയുകയില്ല. ചുരുങ്ങിയ സമയം കൊണ്ട് വീടുകളിൽ തന്നെ രുചികരമായ ഫിഷ് മോളി ഉണ്ടാക്കി എടുക്കാവുന്നതാണ്.
ഇതിനായി വേണ്ട സാധനങ്ങളും ചേരുവകളും എന്തെല്ലാമാണെന്ന് പരിശോധിക്കാം. അരക്കിലോ നെയ്മീൻ, സവാള, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, പച്ചമുളക്, തക്കാളി, കറിവേപ്പില, ഒരു കപ്പ് ഒന്നാംപാൽ, രണ്ട് കപ്പ് രണ്ടാംപാൽ, മഞ്ഞൾപൊടി, കുരുമുളകുപൊടി ഉപ്പ്, നാരങ്ങാനീര് തുടങ്ങിയവയാണ് ഫിഷ് മോളി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ഇനി എങ്ങനെയാണ് ഫിഷ്മോളി ഉണ്ടാക്കി എടുക്കേണ്ടത് എന്ന് പരിശോധിക്കാം.

ആദ്യമായി അരക്കിലോ നെയ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങാ നീര് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. എല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം അര മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
അരമണിക്കൂർ കഴിഞ്ഞതിനു ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം ഇതിലേക്ക് മാറ്റിവെച്ച മീൻ എടുത്ത് ചെറുതീയിൽ വച്ച് ചെറുതായി ഫ്രൈ ചെയ്തെടുക്കുക. മീൻ ഫ്രൈ ചെയ്തതിനുശേഷം മീൻ ഫ്രൈ ചെയ്ത പാനിൽ അല്പം കൂടി വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് രണ്ടു കഷണം കറുവപ്പട്ട രണ്ട് ഏലയ്ക്ക ഗ്രാമ്പൂ എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക.

ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ചെറിയുള്ളി അരിഞ്ഞത് തുടങ്ങിയവ ചേർത്തു കൊടുത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ ഇതിലേക്ക് അഞ്ച് പച്ചമുളക് നെടുകെ കീറി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക.
സവാള ബ്രൗൺ കളർ ആയതിനുശേഷം ഇതിലേക്ക് അൽപം മഞ്ഞൾപൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി തുടങ്ങിയവ ചേർത്ത് അല്പനേരം വഴറ്റുക. നല്ലതുപോലെ വഴന്നു വന്നതിനു ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന രണ്ടാംപാലും, തക്കാളി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് തുടങ്ങിയവ ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന മീനും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും ചേർത്ത് കൊടുത്ത് ചെറുതീയിൽ തിളയ്ക്കാൻ അനുവദിക്കുക.

മീൻ കറി തിളച്ചു തുടങ്ങിയതിനുശേഷം അടച്ചുവെച്ച് വേവിക്കേണ്ടതാണ്. കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഒന്നാംപാലും, കറിവേപ്പിലയും, അല്പം ഉപ്പും ചേർത്ത് ചെറുതീയിൽ തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.